04 December, 2019 11:46:33 AM


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി.ചിദംബരത്തിന് ജാമ്യം: ഇന്ന് ജയില്‍ മോചിതനാകും



ദില്ലി: ഐ.എൻ.എക്സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസിൽ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയിൽ മോചിതനാകും. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആൾജാമ്യവും നൽകാൻ പി ചിദംബരത്തിന് സുപ്രീം കോടതി നിർദേശം നൽകി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാൻ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.


തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. ഈ കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങൾ നടത്തുകയോ പരസ്യ പ്രസ്താവനകൾ നടത്തുകയോ ചെയ്യരുതെന്നും ജാമ്യം അനുവദിച്ച്ക്കൊണ്ട് കോടതി നിർദേശിച്ചു. തിഹാർ ജയിലിലാണ് നിലവിൽ അദ്ദേഹമുള്ളത്. ഓഗസ്റ്റ് 21-നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടർന്ന് ഒക്ടോബർ 22-ന് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തിന് പുറത്തിറങ്ങാനായിരുന്നില്ല. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങാൻ പോകുന്നത്.


ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. ഇതേ ബെഞ്ചാണ് ഐ.എൻ.എക്സ്. ഇടപാടിലെ സി.ബി.ഐ. കേസിലും ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലായിരുന്നു വിധി. എ.എസ് ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്ന മറ്റംഗങ്ങൾ. എ.എസ്.ബൊപ്പണ്ണയാണ് ജാമ്യ വിധി വായിച്ചത്.ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശക്തമായെതിർത്തിരുന്നു. കസ്റ്റഡിയിലിരിക്കുമ്പോൾപോലും നിർണായകസാക്ഷികളെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നെന്നാണ് ഇ.ഡി.യുടെ വാദം. എന്നാൽ, സാക്ഷികളെ സ്വാധീനിക്കുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്തതിന് പ്രത്യക്ഷമോ പരോക്ഷമോ ആയ തെളിവുകളില്ലെന്ന് ചിദംബരം പറഞ്ഞു.


ഐ.എൻ.എക്സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടിൽ വിദേശനിക്ഷേപം സ്വീകരിക്കാൻ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നൽകിയെന്നാണ് കേസ്. ഇതിലെ അഴിമതി സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കൽ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്. എയർസെൽ- മാക്സിസ് ഇടപാടിലും സമാനമായ ആരോപണമാണ് ചിദംബരത്തിനെതിരേയുള്ളത്. ഈ കേസിലും സി.ബി.ഐ.യും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K