04 December, 2019 09:57:07 AM
അഴിമതിക്കെതിരെ സിപിഎം സമരം: മുന്‍നിരയില്‍ അഴിമതിക്ക് കൂട്ടുനിന്നവരെന്ന് കോണ്‍ഗ്രസ്
സിപിഎമ്മിനെതിരെ സമരം പ്രഖ്യാപിച്ച് നഗരസഭാ ചെയര്‍മാന്‍
ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ നഗരസഭയ്ക്കെതിരെ അഴിമതി ആരോപണവുമായി കഴിഞ്ഞ ദിവസം സിപിഎം നടത്തിയ ഉപരോധസമരത്തിന്‍റെ മുന്‍ നിരയില്‍ അഴിമതികള്‍ക്ക് കൂട്ടുനിന്ന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാനും ആസൂത്രണസമിതി ഉപാദ്ധ്യക്ഷനുമെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. ജീവനക്കാരെ കടത്തിവിടാതെ ഉപരോധം സൃഷ്ടിച്ച് നേതാക്കൾ ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചും ഓഫീസ് പ്രവർത്തിക്കുന്നതിന് സംരക്ഷണം നൽകേണ്ട പോലീസിനെ ഭരണ സ്വാധീനത്തിൽ വിലയ്ക്കെടുത്തും സിപിഎം നടത്തിയ സമരം അപഹാസ്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമായിരുന്നെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗം ചൂണ്ടികാട്ടി.
നഗരസഭാ ഭരണത്തിൽ പ്രധാന സ്ഥാനമാനങ്ങൾ കൈയ്യാളുന്നവർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ വന്ന വീഴ്ചകൾ മറയ്ക്കാൻ യുഡിഎഫിനെ പഴിചാരി പൊതുജനത്തെ കബളിപ്പിക്കുകയാണ്. വികസനം, ആരോഗ്യം എന്നീ പ്രധാനപ്പെട്ട സമിതികളും ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനവും കൈകാര്യം ചെയ്യുന്നത് സിപിഎം പ്രതിനിധികളാണ്. മുനിസിപ്പാലിറ്റിയുടെ വികസനപ്രവർത്തങ്ങൾക്ക് പദ്ധതികൾ തയ്യാറാക്കുന്നതും നിർവഹണം നടത്തുന്നതും എല്ലാം വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാന്‍റെ മേൽനോട്ടത്തിലും ഉത്തരവാദത്തിലുമാണ്. അത്തരത്തിൽ റോഡും, തോടും മുതല്‍ ഷോപ്പിംഗ് കോംപ്ലെക്സിന്‍റെ നിർമാണം വരെ സി.പി.എം അറിഞ്ഞ് തന്നെയാണ് കാര്യങ്ങല്‍ നടന്നിട്ടുള്ളത്. ഷോപ്പിംഗ് കോംപ്ലക്സ് നിർമാണ കരാറില്‍ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനും ആസുത്രിത സമിതി ഉപാധ്യക്ഷനും ഒപ്പുവെച്ചിട്ടുണ്ട് എന്നുള്ള യാഥാർഥ്യം സി.പി.എം മറച്ചുവെയ്ക്കുകയാണ്.
പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം ഉണ്ടാക്കിയ വിവാദവും അക്രമ പ്രവർത്തനങ്ങളും അന്യായമാണെന്നു സി.പി.എം നേതാവായ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാൻ തന്നെ പത്രസമ്മേളനത്തിൽ വ്യക്തമാക്കിട്ടുള്ളതാണ്. പ്രാദേശിക മന്ത്രിസഭയെന്ന നിലയിൽ ചെയർമാനും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാനും ഒരു മേശക്കു ചുറ്റുമിരുന്ന് ഏകകണ്ഠമായി തീരുമാനം എടുത്ത ഗുണഫലത്തിന്‍റെ മുക്കാൽ പങ്കു തട്ടിയെടുക്കുന്ന സി.പി.എം ഭരണാധികാരികൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു ആടിനെ പട്ടിയാക്കുന്ന രാഷ്ട്രീയ കപട നാടകം കളിക്കുകയാണെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
പാവപ്പെട്ട ജനങ്ങൾ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് വേണ്ടി മസ്റ്ററിംങ് നടത്തുന്നതിന് എത്തിയതും സിപിഎം ഉപരോധ സമരം മൂലം തടസപ്പെട്ടു. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം വെട്ടികുറച്ച സംസ്ഥാന സര്‍ക്കാരിന്‍റെ ജനവിരുദ്ധനടപടിയെ മറച്ചുവെക്കുന്നതിനാണ് ഇത്തരം സമരകോലാഹലങ്ങൾ നടത്തുന്നതെന്നും യോഗം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്‍റും നഗരസഭാ കൌണ്‍സിലറുമായ ടോമി പുളിമാൻതുണ്ടത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയിൽ, പി.ചന്ദ്രകുമാർ, ബിജു കുമ്പിക്കൻ, മാത്യു വാക്കത്തുമാലി, ജോയ് പുവന്നികുന്നേൽ എന്നിവർ സംസാരിച്ചു.
ഇതിനിടെ സിപിഎമ്മിന്‍റെ സമരം കപടനാടകമാണെന്നാരോപിച്ച് പ്രതിഷേധസമരത്തിന് ഒരുങ്ങുകയാണ് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്. ബുധനാഴ്ച രാവിലെ 11 മണിയോടെ നഗരസഭാ കവാടത്തില്‍ ചെയര്‍മാന്‍ ധര്‍ണ്ണ ആരംഭിക്കുമെന്നാണ് വിവരം. സിപിഎം പ്രതിനിധീകരിക്കുന്ന വികസനം, ആരോഗ്യം സ്ഥിരം സമിതി ചെയര്‍മാന്‍മാര്‍ രാജി വെയ്ക്കണമെന്നായിരിക്കും ഇദ്ദേഹത്തിന്‍റെ പ്രധാന ആവശ്യം.