03 December, 2019 05:42:10 PM
കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെ കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തി; അമിത് ഷാ
ന്യൂഡല്‍ഹി: കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെയാണ് കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റുകാരുടെ ശൈലിയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. എസ്പിജി ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുമ്പോഴായിരുന്നു അമിത് ഷായുടെ പ്രസ്താവന.
ബിനോയ് വിശ്വത്തിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു അമിത് ഷായുടെ പരാമര്‍ശം. കേരളത്തില്‍ കോണ്‍ഗ്രസും - കമ്യൂണിസ്റ്റുകാരും ഭരിക്കുമ്പോള്‍ ആര്‍എസ്‌എസ് - ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ആരുടെയും സുരക്ഷ കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷ ഉയര്‍ത്തുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. പ്രൊട്ടക്ഷന്‍ ആക്‌ട് പ്രകാരമുള്ള മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുത്തിയതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് സുരക്ഷ നല്‍കാനും അവര്‍ക്കുള്ള ഭീഷണിക്ക് അനുസൃതമായി ഓരോ വര്‍ഷവും സുരക്ഷ നീട്ടാനുള്ള വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത്. ഭീഷണി കണക്കിലെടുത്ത് എസ്പിജി സുരക്ഷ പിന്‍വലിച്ചെങ്കിലും പകരം സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു