03 December, 2019 04:19:33 PM
സമരത്തിന് പിന്നാലെ ജീവനക്കാരുടെ പാലായനവും വൈദ്യുതി ധൂര്‍ത്തും; നഗരസഭാ പ്രവര്‍ത്തനം സ്തംഭിച്ചു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച പൂര്‍ണ്ണമായി സ്തംഭിച്ചു. നഗരസഭയിലെ അഴിമതികളും ധൂര്‍ത്തും ചൂണ്ടികാട്ടി സിപിഎം നടത്തിയ ഉപരോധസമരത്തെ തുടര്‍ന്നാണ് ഉച്ചവരെ ഓഫീസ് സ്തംഭിച്ചതെങ്കില്‍ ഉച്ചകഴിഞ്ഞ് ജീവനക്കാര്‍ ഒന്നടങ്കം മുങ്ങിയതാണ് പ്രശ്‌നമായത്. സിപിഎം പേരൂര്‍, ഏറ്റുമാനൂര്‍ ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഉപരോധസമരം അവസാനിച്ച പിന്നാലെ ജീവനക്കാര്‍ അകത്തു പ്രവേശിച്ചെങ്കിലും വൈദ്യുതി വിളക്കുകളും ഫാനുകളും ഓണ്‍ ചെയ്ത് ഇട്ടശേഷം മുങ്ങുകയായിരുന്നു.
ഉപരോധസമരം അവസാനിച്ചതറിഞ്ഞ് ഉച്ചയ്ക്കു ശേഷം വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭാ ഓഫീസിലെത്തിയ നാട്ടുകാര്‍ക്ക് കാണാനായത് ആളൊഴിഞ്ഞ കസേരകളും തെളിഞ്ഞുകിടക്കുന്ന ലൈറ്റുകളും ഫാനുകളും. കൗണ്‍സില്‍ ഹാളില്‍ ഉണ്ടായിരുന്ന ഏതാനും വനിതാ കൗണ്‍സിലര്‍ അല്ലാതെ ജീവനക്കാരെ ആരെയും ഓഫീസില്‍ കാണ്മാനില്ലായിരുന്നു. ചൊവ്വാഴ്ച നഗരസഭയിലേക്ക് ജീവനക്കാരെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു സിപിഎം പ്രചരണജാഥ നടത്തി പ്രഖ്യാപിച്ചിരുന്നത്. ഇത് ഗുണമായി കരുതിയ ജീവനക്കാരില്‍ പലരും ഓഫീസില്‍ എത്തിയിരുന്നില്ല. വന്നവരാകട്ടെ ഉച്ചവരെ തൊട്ടടുത്ത കുടുംബശ്രീ മന്ദിരത്തിലും മറ്റും തങ്ങി.
ചൊവ്വാഴ്ച രാവിലെ നഗരസഭാ കവാടത്തില്‍ ഷട്ടറുകള്‍ താഴ്ത്തിയിട്ട ശേഷം ആരംഭിച്ച സമരം 1.30 മണിയോടെയാണ് അവസാനിച്ചത്. സമരക്കാര്‍ പിരിഞ്ഞുപോയ ശേഷം ഓഫീസില്‍ കയറിയ ജീവനക്കാരാകട്ടെ അധികം വൈകാതെ കൂട്ടത്തോടെ പാലായനം ചെയ്യുകയും ചെയ്തു. ആവശ്യം കഴിഞ്ഞാല്‍ ലൈറ്റുകളും ഫാനുകളും സ്വിച്ച് ഓഫ് ചെയ്യണമെന്ന സെക്രട്ടറിയുടെ മുന്നറിയിപ്പ് ഓഫീസിലെ ചുമരുകളില്‍ പലയിടത്തായി പതിച്ചിട്ടുണ്ട്. ഒരു ജീവനക്കാരന്‍ പോലും ഇല്ലാത്ത അവസ്ഥയില്‍ ഇവയെല്ലാം ഓണാക്കിയിട്ടത് നഗരസഭയുടെ മറ്റൊരു ധൂര്‍ത്തിലേക്കാണ് കൈചൂണ്ടുന്നത്.
വൈകിട്ട് അഞ്ച് മണി വരെ പ്രവൃത്തി സമയമാണെന്നിരിക്കെയാണ് സിപിഎം നടത്തിയ സമരത്തിന്റെ പേരില്‍ ജീവനക്കാര്‍ മുങ്ങിയത്. സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജോണി വര്‍ഗീസിന്റെ അധ്യക്ഷതിയില്‍ കെ.എന്‍.വേണുഗോപാല്‍, ഇ.എസ്.ബിജു, അഡ്വ.വി.ജയപ്രകാശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ്.വിനോദ്, കൗണ്‍സിലര്‍മാരായ ബോബന്‍ ദേവസ്യ, കെ.ആര്‍.മിനിമോള്‍, പി.പി.ചന്ദ്രന്‍, ശശി രാജേന്ദ്രന്‍, സ്മിതാ ബാബുരാജ് എന്നിവരും ഉപരോധസമരത്തില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് നഗരസഭാ ഓഫീസിലെത്തിയ 'കൈരളി വാര്‍ത്ത' പ്രതിനിധി പകര്‍ത്തിയ വീഡിയോ ആണ് ചുവടെ കാണുന്നത്.