03 December, 2019 03:05:35 PM
170 കോടിയുടെ കള്ളപ്പണ ഇടപാട്: കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഹൈദരാബാദിലെ ഒരു കമ്പനിയില്‍നിന്നു പാര്‍ട്ടി അക്കൗണ്ടിലേക്കു കള്ളപ്പണം ഹവാല വഴിയില്‍ എത്തിയെന്നു ചൂണ്ടിക്കാട്ടിയാണു നോട്ടീസ്. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞ മാസം നാലിന് കോണ്‍ഗ്രസ് ഓഫീസ് ചുമതലയുള്ളവരോടു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇതേതുടര്‍ന്നാണു നോട്ടീസ്.
അടുത്തിടെ നടന്ന ഒരു റെയ്ഡില്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍നിന്ന് 170 കോടി രൂപ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തി എന്നാണ് ആദായനികുതി വകുപ്പ് നല്കുന്ന വിശദീകരണം. ഡല്‍ഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുന്നതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഹൈദരാബാദിലെ മേഘ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനിയറിംഗ് എന്ന സ്ഥാപനം കോണ്‍ഗ്രസിനു ഫണ്ടു നല്‍കിയെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ ചില നേതാക്കളും ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും അന്വേഷണ പരിധിയിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു