03 December, 2019 02:36:57 PM
ദില്ലിയില്‍ വന്‍ സുരക്ഷാവീഴ്ച: കേന്ദ്ര പ്രതിരോധമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് അജ്ഞാതന്‍ കടന്നുകയറി
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും വന്‍ സുരക്ഷാവീഴ്ച. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്‍റെ വാഹനവ്യൂഹത്തിനിടയിലേക്ക് അജ്ഞാതന്‍ കടന്നുകയറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ വാഹനവ്യൂഹത്തിലേക്ക് കടന്നുകയറിയത്. സുരക്ഷാസേന ഉടന്‍ തന്നെ ഇയാളെ പിടികൂടി. പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമനായ രാജ്‌നാഥ് സിങിന് ഇസഡ് പ്ലസ് സുരക്ഷയാണുള്ളത്. 10 നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ അടക്കം 55 പ്രത്യേക സുരക്ഷാഭടന്മാരാണ് പ്രതിരോധമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസതിയിലും വന്‍ സുരക്ഷാവീഴ്ചയുണ്ടായിരുന്നു.
മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രിയങ്കയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതന്‍ സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രിയങ്കാഗാന്ധിയുടെ സുരക്ഷാ ചമതലയുള്ള സിആര്‍പിഎഫിന് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സുരക്ഷാവീഴ്ചയുണ്ടായിരിക്കുന്നത്.