02 December, 2019 11:04:29 PM


അഞ്ചു നാളായി ഭീതിയുണര്‍ത്തി കൊമ്പുകുത്തിയിലും കാട്ടാന; ഒറ്റയാനെ ഗൗനിക്കാതെ വനപാലകര്‍

- നൗഷാദ് വെംബ്ലി



മുണ്ടക്കയം: കഴിഞ്ഞ നാലു ദിവസമായി കോരുത്തോട് പഞ്ചായത്തിലെ കൊമ്പുകുത്തി ശബരിമല വനാതിര്‍ത്തിയോടു ചേര്‍ന്നുളള ജനവാസകേന്ദ്രത്തില്‍ കാട്ടാന നാടിന്‍റെ ഉറക്കം കെടുത്തുകയാണ്. രാവും പകലും വ്യത്യാസമില്ലാതെ ജനവാസകേന്ദ്രത്തില്‍ ചിന്നം വിളിച്ച് കാട്ടാന  നാട്ടുകാരെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ വ്യാഴാഴ്ച ജനവാസ കേന്ദ്രത്തിലെത്തിയ  പിടിയാന മേഖലയിലെ മിക്ക കൃഷയിടങ്ങളിലും നാശം വിതച്ചു. കണ്ണാട്ടു കവലയ്ക്കു മുകളില്‍ വരെയെത്തിയ കാട്ടാനയെ തുരത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം പരാജയപെടുകയായിരുന്നു.


തിങ്കളാഴ്ച രാവിലെ 9 മണിവരെ വനത്തിലേക്കു കയറാതെ സ്വകാര്യ പുരയിടത്തില്‍ സ്ഥാനം ഉറപ്പിച്ച കാട്ടാനയെ ഓടിക്കാന്‍ നാട്ടുകാരും കര്‍ഷകരും കഠിന ശ്രമം നടത്തിയതിനൊടുവിലാണ് ആന പിന്തിരിഞ്ഞത്. ആന നാട്ടിറങ്ങി കൃഷി നശിപ്പിക്കുന്ന വിവരം ജനപ്രതിനിധികളും നാട്ടുകാരും വനവകുപ്പ് അധികാരികളെ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ല. ദിവസ വേതനത്തിനു ജോലി ചെയ്യുന്ന നാട്ടുകാരനായ ഒരു വാച്ചര്‍ മാത്രമാണ് നാട്ടുകാരുടെ സഹായത്തിനെത്തിയത്.


വെളളിയാഴ്ച രാത്രിയില്‍ മേഖലയിലെ നിരവധി കൃഷിയിടങ്ങള്‍ ആന നശിപ്പിച്ചു. തടത്തില്‍ രാഘവന്‍, തടത്തില്‍ സാബു, കോച്ചേരില്‍ സുധാകര്‍, കോച്ചേരില്‍ സാബു, ഉമപറമ്പില്‍ ഷാജി, പുത്തന്‍പുരക്കല്‍ വിശ്വംഭരന്‍, വാളാംതോട്ടത്തില്‍ ബിജു, കാഞ്ഞിരത്തുംമുകളേല്‍ ശ്രിനിവാസന്‍  എന്നിവരുടെ പുരയിടത്തിലെ കൃഷികളാണ് ആന നശിപ്പിച്ചത്.  നിരവധി തെങ്ങുകള്‍ ചുവടെ പിഴുതെറിഞ്ഞ ആന  മരച്ചീനി, വാഴ, റബ്ബര്‍ ,മറ്റുകൃഷികള്‍ എന്നിവ നശിപ്പിച്ചു. കോരുത്തോട് പഞ്ചായത്തിലെ വനമേഖലയില്‍ ആദ്യമായി സോളാര്‍ വേലികള്‍ സ്ഥാപിച്ചത് 2015ല്‍ കൊമ്പുകുത്തിയിലാണ്. ഇത് കഴിഞ്ഞ ഒന്നരവര്‍ഷമായി പ്രവര്‍ത്തന രഹിതമാണ്. ഇതാണ് ജനവാസകേന്ദ്രത്തിലേക്കു കാട്ടാന അക്രമം ഉണ്ടാകാന്‍ കാരണമായതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.


ആനയെ കണ്‍മുന്നില്‍ കണ്ട് 83 കാരിയായ ബേബികുട്ടിയും ഒന്നര വയസ്സുകാരി ശിവന്യയും;
ഭീതി വിട്ടൊഴിയാതെ മുകളേല്‍ കുടംബം...



വീടിനുമുന്നില്‍ ചിന്നം വിളി കേട്ടാണ് മുകളേല്‍ കുടംബം ഉണര്‍ന്നത്. ജനല്‍ തുറന്ന്  നോക്കുക്കുമ്പോള്‍ വീടിന്‍റെ മുറ്റത്ത്  കാട്ടാനയെ കണ്ടു വീട്ടുകാര്‍ നിലവിളിക്കാന്‍ പോലുമാവാതെ പകച്ചു. ശ്രിനിവാസന്‍റെ ഭാര്യഉഷയുടെ മാതാവു ബേബികുട്ടി കിടന്നുറങ്ങുന്ന മുറിക്കു മുന്നിലാണ് കാട്ടാന നിന്നത്. കാന്‍സര്‍ രോഗം പിടിപെട്ടു ചികില്‍സയിലായിരുന്ന ബേബികുട്ടി നല്ല ഉറക്കത്തിലായിരുന്നു. ഉറക്കമുണര്‍ന്നു ആനയെ കണ്ടതോടെ എന്തു ചെയ്യണമെന്നറിയാതെ ബേബികുട്ടി വിഷമിച്ചു. ഇതിനിടെ ശ്രിനവാസന്‍റെ മകന്‍ കണ്ണന്‍ ഒന്നര വയസ്സുകാരി മകള്‍ ശിവന്യയെടുത്തു പുറത്തേക്കു നോക്കിയതോടെ ചിന്നം വിളിക്കുന്ന കാട്ടാനയെയാണ് കണ്ടത്.


എല്ലാവരും നിശബ്ദരായി മിനിട്ടുകളോളം വീട്ടിനുളളില്‍ നിന്നു. കാട്ടാനയുടെ അക്രമം മുന്നില്‍ കണ്ട കുടുംബം എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. അഞ്ചു മിനിട്ടു നിലയുറപ്പിച്ച ആന കൃഷിയിടത്തിലൂടെ ഇറങ്ങി താഴ്ഭാഗത്തേക്കു പോവുകയായിരുന്നുവെന്നു ഇവര്‍ പറയുമ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. രോഗിയായ ബേബികുട്ടിയും, ഭിന്ന ശേഷിക്കാരനായ കൊച്ചുമകന്‍ ശ്രിചിത്തും, കുടുംബത്തിലെ ഒന്നര വയസ്സുകാരി ശിവന്യയും ആനയെ തൊട്ടടുത്തു കണ്ടു. ആനയുടെ ശല്യം വര്‍ധിച്ചതോടെ കണ്ണന്‍റെ ഭാര്യ മകള്‍ ശിവന്യയുമായി സ്വന്തം നാടായ ആലപ്പുഴയിലേക്കു താമസം മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K