02 December, 2019 11:05:07 AM


അധ്യാപകന്‍റെ ലൈംഗികാതിക്രമം: ഏറ്റുമാനൂരില്‍ പ്രതിഷേധം അലയടിക്കുന്നു



ഏറ്റുമാനൂര്‍: സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അലയടിക്കുന്നു.  ലൈംഗികാതിക്രമം നടത്തിയ വൈക്കം സ്വദേശി നരേന്ദ്രനാഥിനെ 'പോക്‌സോ' നിയമമനുസരിച്ച് അറസ്റ്റ് ചെയ്‌തെങ്കിലും, കുറ്റം ചെയ്തവരെ രക്ഷിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നുവെന്ന ആരോപണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ അവകാശവും സംരക്ഷണവും ഉറപ്പുവരുത്താന്‍ ജില്ലാകളക്ടറും നടപടി സ്വീകരിച്ചില്ലെന്ന ആരോപണവും നിലനില്‍ക്കുകയാണ്. അധ്യാപകനോട് ആഭിമുഖ്യ പുലര്‍ത്തുന്നവര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയാണെന്നും ആരോപണമുയര്‍ന്നു.


കുട്ടികളെ നിരന്തരം ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ അദ്ധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകനെയും അധ്യാപകരെയും ജീവനക്കാരനെയും സ്‌കൂളില്‍നിന്നും സ്ഥലം മാറ്റണമെന്ന ആവശ്യവും ശക്തിയായി. ഇരകളോടൊപ്പം നിന്ന പി.ടി.എ പ്രസിഡന്റിന് നിരന്തരം ഊമക്കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിയ്ക്ക് സംരക്ഷമൊരുക്കാന്‍ ശ്രമിച്ചവരെ മാറ്റാന്‍ അധികൃതര്‍ തയ്യാറാകാത്ത നടപടിയില്‍ പ്രതിഷേധിച്ച് 95-ഓളം വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തി മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോയിരുന്നു. ഇവരില്‍ 13 പേരെ വനംവകുപ്പ് അധികൃതര്‍ മുന്‍കൈയെടുത്ത് ബോധവല്‍ക്കരണം നടത്തി തിരികെ എത്തിച്ചെങ്കിലും രക്ഷിതാക്കള്‍ ആശങ്കയിലാണ്. പ്രതിയായ അധ്യാപകനെ സംരക്ഷിക്കാന്‍ കൂട്ടുനിന്നവര്‍ സ്‌കൂളില്‍ ഉള്ളപ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം എങ്ങിനെ ഉറപ്പാക്കും എന്നാണ് ഇവരുടെ ചോദ്യം.


വാളയാറിലെ കുരുന്നുകളോട് കാട്ടിയ നീതിനിഷേധം ലോകമെങ്ങും ചര്‍ച്ച ചെയ്യുമ്പോഴും, അധികാരികള്‍ മാറാന്‍ തയ്യാറല്ല എന്നാണ് ഏറ്റുമാനൂര്‍ എം.ആര്‍.എസ്സിലെ സംഭവം വ്യക്തമാക്കുന്നതെന്നാണ് ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ കുറ്റപ്പെടുത്തി. അധ്യാപകന് സംരക്ഷണമൊരുക്കി വിദ്യാര്‍ഥികളെ മാനസികപീഡനത്തിനിരയാക്കുന്ന പ്രധാന അധ്യാപകന്‍ എം.ആര്‍.വിജയന്‍, സീനിയര്‍ അസിസ്റ്റന്റ് ടി.ആര്‍.ശോഭ, ടീച്ചര്‍മാരായ ബിന്ദു, ദീപു എന്നിവരെ സ്‌കൂളില്‍ നിന്നും സ്ഥലംമാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. 


വയനാട്ടിലെ ഷെഹ്ല ഷെറിന്‍ പാമ്പ്കടിയേറ്റ് മരണപ്പെട്ട സാഹചര്യത്തില്‍ കുറ്റാരോപിതനായ അദ്ധ്യാപകനെതിരെ നരഹത്യയ്ക്ക് കേസെടുത്തത് കൂടാതെ, നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താന്‍ മറ്റ്ചില അദ്ധ്യാപകരെ കൂടി മാറ്റാന്‍ തീരുമാനിക്കുകയുണ്ടായി. സമാനമായ സാഹചര്യത്തില്‍, കുറ്റാരോപിതനായ അദ്ധ്യാപകനെ സഹായിച്ച അദ്ധ്യാപകരെയും ജീവനക്കാരെയും മാറ്റണമെന്ന ആവശ്യം നീതിയുക്തമാണെന്ന് ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ ഭാരവാഹികള്‍ ചൂണ്ടികാട്ടുന്നു. എത്രയും വേഗം നടപടി ആവശ്യപ്പെട്ട് ഡിസംബര്‍ 9ന് രാവിലെ 11 മണിക്ക്  കോട്ടയം  തിരുനക്കര മൈതാനിയില്‍  നിന്നും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും അവര്‍ പറഞ്ഞു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K