02 December, 2019 11:04:21 AM
കനത്ത മഴ: തമിഴ്നാട്ടില്‍ മരണം 22 ആയി; മേട്ടുപ്പാളയത്ത് വീടുകള്‍ക്കു മേല്‍ മതിലിടിഞ്ഞു വീണ് 17 മരണം
ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴയില്‍ മരണം 22 ആയി. മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 17 പേർ മരിച്ചു. മതിലിടിഞ്ഞ് വീടുകൾക്കുമേൽ വീണ് നാലു വീടുകൾ തകർന്നാണ് ദുരന്തമുണ്ടായത്. 12 സ്ത്രീകളും മൂന്ന് പുരുഷൻമാരും രണ്ട് കുട്ടികളുമാണ് മരിച്ചത്. മേട്ടുപ്പാളയത്തിനടത്ത് നാഡൂരിൽ എഡി കോളനിയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പുലർച്ചെ 3.30 ഓടെ ആരംഭിച്ച കനത്ത മഴയിൽ മതിൽ വീടുകൾക്ക് മേൽ ഇടിഞ്ഞുവീഴുകയായിരുന്നു. ആറരയടി ഉയരമുള്ള കരിങ്കൽ മതിലാണ് ഇടിഞ്ഞുവീണത്.
കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. തിരച്ചിൽ തുടരുകയാണ്.
തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായി. നിരവധി ഇടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഊട്ടി മേട്ടുപ്പാളയം റൂട്ടിൽ മരപ്പാലത്തിനു സമീപം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ചെന്നൈ ഉള്‍പ്പടെ ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. 176 ദുരിതാശ്വാസ ക്യാമ്ബുകള്‍ ചെന്നൈയില്‍ സജ്ജീകരിച്ചിട്ടുണ്ട്. 15000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 2015ലെ പ്രളയത്തിന് ശേഷം തമിഴ്‌നാട്ടില്‍ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്.
തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതല്‍ മഴ ഇതുവരെ രേഖപ്പെടുത്തിയത്. 19 സെന്റീമീറ്റര്‍. കടലൂര്‍ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്. 17 സെന്റീമീറ്റര്‍. തിരുവണ്ണാമലൈ, വെല്ലൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, തൂത്തുക്കുടി, തിരുവള്ളൂര്‍ ജില്ലകളില്‍ 20 സെന്റിമീറ്ററില്‍ അധികം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പെടെ പതിനാല് ജില്ലകളിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.