01 December, 2019 11:06:46 AM
അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം; 95 വിദ്യാര്‍ഥികള്‍ പഠനം ഉപേക്ഷിച്ചു
കോട്ടയം: വിദ്യാര്‍ഥികളെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ 95 കുട്ടികള്‍ പഠനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കേരള ഗവണ്‍മെന്‍റ് പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്‍റെ കീഴിലുള്ള സ്കൂളിലാണ് സംഭവം. വിദ്യാര്‍ഥിനികളെ ശല്യം ചെയ്തെന്ന പരാതിയിൽ സ്കൂളിലെ സംഗീത അദ്ധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രധാന അധ്യാപകന്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. രക്ഷിതാക്കള്‍ക്കും ഭീഷണി കത്തുകള്‍ ലഭിച്ചു.
ഒക്ടോബര്‍ 16നാണ് സംഗീത അധ്യാപകനായ നരേന്ദ്രബാബു ലൈംഗികചൂഷണം നടത്തുന്നതായി വിദ്യാര്‍ഥിനികള്‍ അറിയിച്ചത്. സ്റ്റുഡന്റ്സ് കൗണ്‍സിലറോടാണ് ആദ്യം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയെടുക്കാനോ പരാതി പൊലീസിന് കൈമാറാനോ ഇവര്‍ തയ്യാറായില്ല. പരാതി ഒതുക്കി തീര്‍ക്കാനാണ് പ്രധാന അധ്യാപകന്‍ അടക്കമുള്ള ചില അധ്യാപകര്‍ ശ്രമിച്ചത്.
എന്നാല്‍ രക്ഷിതാക്കള്‍ ഇടപ്പെട്ടതോടെ കഴിഞ്ഞ മാസം 29ന് പൊലീസ് കേസ് എടുത്തു. സമാന കുറ്റകൃത്യങ്ങള്‍ ചെയ്തതിലേക്ക് ഇയാള്‍ക്കെതിരെ പോലീസ് പതിനഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ പിന്നീട് പരാതി നല്‍കിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും പറയുന്നത്.