30 November, 2019 05:17:04 PM


ഏറ്റുമാനൂർ നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്തത് വേണ്ടത്ര പരിശോധനകളും അംഗീകാരവുമില്ലാതെ



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ കഴിഞ്ഞ വേനല്‍കാലങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്തത് വെള്ളത്തിന്‍റെ ഗുണനിലവാരം ഉറപ്പ് വരുത്താതെ. അതും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത സ്വകാര്യ ഏജന്‍സികള്‍ മുഖേന. നഗരസഭാ കാര്യാലയത്തില്‍ വിവരാവകാശനിയമപ്രകാരം നല്‍കിയ കത്തിന് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.


അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ വെള്ളം കുടിവെള്ളവിതരണത്തിന് ലൈസന്‍സ് ഉള്ള ഏജന്‍സികള്‍ മുഖേന മാത്രമേ ജനങ്ങളില്‍ എത്തിക്കാനാവു എന്നാണ് നിയമം. എന്നാല്‍ ഏറ്റുമാനൂര്‍ നഗരസഭയിലെ ഒരു കൌണ്‍സിലര്‍ ഉള്‍പ്പെടെയുള്ള മാഫിയായാണ് കഴിഞ്ഞ കാലങ്ങളില്‍  ജലവിതരണം നടത്തിയിട്ടുള്ളത്.  എന്നാല്‍ ലൈസന്‍സ് ഉള്ള ഒരു ഏജന്‍സിയും നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു.


വാണിജ്യാടിസ്ഥാനത്തില്‍ ജലവിതരണം നടത്തുന്നതിനുള്ള കിണറുകളും കുളങ്ങളും കുഴിക്കുന്നതിനും ഇവിടെ നിന്നും വെള്ളം വിതരണം  ചെയ്യുന്നതിനും  നഗരസഭയുടെ അനുമതി വാങ്ങേണ്ടതാണ്. എന്നാല്‍ മീനച്ചിലാറിന്‍റെ തീരപ്രദേശങ്ങളിലും പാടശേഖരങ്ങളുടെ കരയ്ക്കും അനുമതിയില്ലാതെ അനിയന്ത്രിതമായി കുഴിച്ച കിണറുകള്‍ ഏറെയാണ് നഗരസഭാ അതിര്‍ത്തിക്കുള്ളിലുള്ളത്. ഇത്തരം അനധികൃത കിണറുകളില്‍ നിന്നു തന്നെയാണ് നഗരസഭയുടെ ജലവിതരണവും.


ടാങ്കര്‍ ലോറികളിലും താല്‍ക്കാലിക ടാങ്കുകള്‍ ഉപയോഗിച്ച് ലോറികളിലും വിതരണം ചെയ്യുന്ന വെള്ളം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു നടപടി ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും നഗരസഭയുടെ കത്തില്‍ വെളിപ്പെടുത്തുന്നു. വെള്ളം കൊണ്ടുപോകുന്ന വാഹനങ്ങളോ സംഭരണികളോ ഒന്നും പരിശോധനയ്ക്ക് വിധേയമാക്കിയതായി നഗരസഭയില്‍ രേഖകളില്ല. മാത്രവുമല്ല അനധികൃതമായി വെള്ളം വില്‍ക്കുന്നതിനെതിരെ ഇതുവരെ യാതൊരു നടപടികളും നഗരസഭ സ്വീകരിച്ചിട്ടുമില്ല.


തെള്ളകത്തെ സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ ജില്ലയിലെ ഒട്ടേറെ പ്രമുഖസ്ഥാപനങ്ങളിലേക്കാണ് യാതൊരു പരിശോധനയും നടത്താതെ സംഭരിക്കുന്ന കുടിവെള്ളം ടാങ്കറുകളില്‍ എത്തിക്കുന്നത്. ഇതിനിടെ ലാബുകളെ സ്വാധീനിച്ച് പേരിന് വേണ്ടി പരിശോധനാ റിപ്പോര്‍ട്ടുകള്‍ സംഘടിപ്പിച്ച് ജലവിതരണ അധികാരം നേടിയെടുക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. മീനച്ചിലാറിന്‍റെ തീരത്ത് പേരൂര്‍ ഭാഗത്താണ് ഇങ്ങനെ ജലമൂറ്റ് കൂടുതലും നടക്കുന്നത്. ഇതിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ നഗരസഭാ കൌണ്‍സിലര്‍ ഉള്‍പ്പെടെയുള്ള മാഫിയാ സംഘവും.


ഈ വിധം നേരിട്ടും സ്വകാര്യ ഏജന്‍സികള്‍ മുഖേനയും നടത്തുന്ന ജലവിതരണം നിയമപരമായി കുറ്റകൃത്യമാണ് എന്ന് തന്നെ സമ്മതിക്കുന്നതാണ് വിവരാവകാശപ്രവര്‍ത്തകനായ മോന്‍സി പി തോമസ് നല്‍കിയ കത്തിന് നഗരസഭ നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. മുന്‍ ചെയര്‍മാന്‍ ജോയി മന്നാമല അധികാരമേറ്റെടുത്തപ്പോള്‍ അനധികൃതമായി നടക്കുന്ന ജലമൂറ്റിനെതിരെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ആറ് മാസം തികഞ്ഞപ്പോഴേക്കും ഇദ്ദേഹത്തിന് അധികാരമൊഴിയേണ്ടിവന്നു. പിന്നീട് അധികാരത്തിലേറിയ ചെയര്‍മാന്‍മാര്‍ ആരും തുടര്‍നടപടികള്‍ക്ക് തുനിഞ്ഞില്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K