30 November, 2019 03:36:44 PM
169 പേര്‍ ഒപ്പം: വിശ്വാസം തെളിയിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാര്‍; ബി.ജെ.പി നിയമസഭ ബഹിഷ്‌കരിച്ചു
മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നയിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വിശ്വാസവോട്ട് തെളിയിച്ചു. സഭ ചേര്‍ന്നിരിക്കുന്നത് ചട്ടങ്ങള്‍ വിരുദ്ധമായാണെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബി.ജെ.പി സഭയില്‍ ബഹളം വച്ചു. ഏറെനേരം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ബി.ജെ.പി അംഗങ്ങള്‍ നിയമസഭ ബഹിഷ്‌കരിച്ചു. സുപ്രീം കോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്.
288 അംഗ സഭയില്‍ 169 വോട്ടുകള്‍ ശിവസേന - എന്‍.സി.പി - കോണ്‍ഗ്രസ് സര്‍ക്കാരിന് ലഭിച്ചു. സി.പി.എമ്മിലെ ഒരംഗവും ഒരു സ്വതന്ത്രനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ ഒരംഗവും അസദ്ദുദീന്‍ ഉവൈസിയുടെ എഐഎംഐഎം പാര്‍ട്ടിലെ ഒരംഗവും വിട്ടുനിന്നു. സഭ തുടക്കം മുതല്‍ ചട്ടവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നവീസ് ആരോപിച്ചു. സഭയുടെ തുടക്കത്തില്‍ വന്ദേമാതരം ആലപിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രത്യേക സമ്മേളനം ചട്ടങ്ങള്‍ എല്ലാം പാലിച്ചാണെന്നും ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രോ ടേം സ്പീക്കര്‍ ദിലീപ് പട്ടീല്‍ ചൂണ്ടിക്കാട്ടി. സഭയില്‍ വിഷയം ഉന്നയിക്കാന്‍ പാടില്ലെന്നും പ്രോ ടേം സ്പീക്കര്‍ അറിയിച്ചു. സഭയില്‍ സംസാരിക്കാന്‍ അനുവാദമില്ലെങ്കില്‍ സഭയില്‍ ഇരിക്കാനും തനിക്ക് അവകാശമില്ലെന്ന് ഫഡ്‌നവീസും മറുപടി നല്‍കി.
ഒരു സ്പീക്കറെ തെരഞ്ഞെടുക്കാതെ വിശ്വാസവോട്ട് തേടിയ ചരിത്രം മഹാരാഷ്ട്ര നിയമസഭയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് ഫഡ്‌നവീസ് വ്യക്തമാക്കി. ഇതിനിടെ, കോണ്‍ഗ്രസിലെ അശോക് ചവാന്‍ വിശ്വാസ വോട്ടിന് നിര്‍ദേശം വച്ചു. എന്‍.സി.പി.യിലെ നവാബ് മാലികും ശിവസേനയിലെ സുനില്‍ പ്രഭുവും അതിനെ പിന്തുണച്ചു. പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ അംഗങ്ങള്‍ ഇരിക്കണമെന്നും തലയെണ്ണിയുള്ള വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കര്‍ അറിയിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നിയമസഭയുടെ ഈ സമ്മേളനം ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഫഡ്‌നവീസ് സഭയ്ക്കു പുറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോ ടേം സ്പീക്കറുടെ നിയമവും ഭരണഘടന വിരുദ്ധമാണ്. ഇതില്‍ സഭാ നടപടികള്‍ സസ്‌പെന്റു ചെയ്യണമെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് കത്തുനല്‍കും. ഭരണഘടന അനുസരിച്ച് സഭ ചേരണമെന്നും ഫഡ്‌നവീസ് ആവശ്യപ്പെട്ടു.