29 November, 2019 07:19:39 PM
ഹര്‍ത്താല്‍ ദിനത്തിലെ കാരുണ്യമഴ നാലാം വര്‍ഷവും പെയ്യുന്നു; കനിവിന്‍റെ 'കാഴ്ച'യൊപ്പി സുഹൃത്തുക്കള്‍
ഏറ്റുമാനൂര്‍: നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഹര്‍ത്താല്‍ ദിവസം ഫോട്ടോ - വീഡിയോ അനുബന്ധ മേഖലയില്‍ ജോലി ചെയ്തിരുന്ന കുറച്ചു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കികൊണ്ട് രൂപം നല്‍കിയ സംരംഭമാണ് 'കാരുണ്യ സ്പര്‍ശം ചാരിറ്റി വിംഗ് '. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ ഈ കാരുണ്യപ്രവര്‍ത്തനത്തിന് മുടക്കം സംഭവിച്ചിട്ടില്ല. എല്ലാ വെള്ളിയാഴ്ചയുമാണ് ഭക്ഷണം നല്‍കുക.
നവബര്‍ 29 മുതല്‍ ഈ ചാരിറ്റി പ്രവര്‍ത്തനം ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി മേഖലയുടെ കീഴില്‍ ഉള്ള എ.കെ.പി.എ കാണക്കാരി യൂണിറ്റുമായി യോജിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം എ.കെ.പി.എ കടുത്തുരുത്തി മേഖല പ്രസിഡന്‍റ് പി.ബി ചന്ദ്രബോസ് നിര്‍വഹിച്ചു. ജില്ലയുടെ നിയുക്ത പ്രസിഡന്‍റ് ജെയ്സണ്‍ ഞൊങ്ങിണിയില്‍, അജയ് എ.വി, ജയചന്ദ്രകുമാര്‍, ഗിരിജ വിജിമോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓരോ വെള്ളിയാഴ്ചയും ഈ മേഖലയിലെ ഓരോ പ്രവര്‍ത്തകരാണ് കൈതാങ്ങുമായി മുന്നിട്ടിറങ്ങുന്നതെന്നതും ഒരു പ്രത്യേകതയാണ്. കാരുണ്യസ്പര്‍ശം ചാരിറ്റി വിങ്ങുമായി സഹകരിച്ചു വെള്ളിയാഴ്ച ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തത് കുറവിലങ്ങാട് ഓറഞ്ച് വീഡിയോ എഡിറ്റിങ് സ്റ്റുഡിയോ ഉടമ ഷിബുവായിരുന്നു.