26 November, 2019 11:49:45 AM


മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണം; ബിജെപിക്ക് തിരിച്ചടി



ദില്ലി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഫഡ്നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി. ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് കോടതിയുടെ ഉത്തരവ്. പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും സുതാര്യമായ വോട്ടെടുപ്പ് നടത്താനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റേതാണ് ഉത്തരവ്. ഗവർണർ ഭഗത് സിങ് കോഷിയാരി അടിയന്തരമായി പ്രോടേം സ്പീക്കറെ തിരഞ്ഞെടുക്കണം. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണം. ബുധനാഴ്ച രാവിലെ തന്നെ സഭ വിളിച്ച് ചേർക്കണമെന്നും കോടതി അറിയിച്ചു.


ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി വിശ്വാസ വോട്ടെടുപ്പ് പൂർത്തിയാക്കാനും നിർദേശമുണ്ട്.
24 മണിക്കൂറിനകമോ ഏറ്റവും അടുത്ത ദിവസമോ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേന, എൻ.സി.പി., കോൺഗ്രസ് സഖ്യം (മഹാവികാസ് അഘാഡി) സഖ്യം അടിയന്തര ഹർജി നൽകിയിരുന്നത്.കോടതി ഇത് അംഗീകരിക്കുകയായിരുന്നു. അതേ സമയം കൂടുതൽ സമയം വേണമെന്നാവശ്യപ്പെട്ട ബിജെപിക്ക് ഈ ഉത്തരവ് കനത്ത തിരിച്ചടിയായി. ഗവർണർ 14 ദിവസം അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ കോടതി ഇടപെടരുതെന്നുമായിരുന്നു ബിജെപിയും ഫഡ്നാവിസും കോടതിയിൽ വാദിച്ചിരുന്നത്.


170 എം.എൽ.എ.മാരുടെ പിന്തുണയുണ്ടെന്നവകാശപ്പെട്ട് ഫഡ്നവിസ് നൽകിയ കത്തും അതിന്റെയടിസ്ഥാനത്തിൽ അദ്ദേഹത്തെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ കത്തും സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയിരുന്നു.അജിത് പവാറിനെ നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുത്തുകൊണ്ട് എൻ.സി.പി.യുടെ 54 അംഗങ്ങൾ ഒപ്പുവെച്ച രേഖയും 11 സ്വതന്ത്രരുടെ പിന്തുണയും വ്യക്തമാക്കിയാണ് ഫഡ്നവിസ് കത്തുനൽകിയത്. ബി.ജെ.പി.യുടെ 105 അംഗങ്ങൾകൂടി ചേരുമ്പോൾ 170 പേരുടെ പിന്തുണ കണക്കാക്കിയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ഫഡ്നവിസിനെ ക്ഷണിച്ചത്.


54 അംഗങ്ങളുടെ നേതാവായ അജിത് പവാറിന്റെ പിന്തുണ തനിക്കുണ്ടെന്നാണ് ഫഡ്നവിസ് ഗവർണർ മുമ്പാകെ അവകാശപ്പെട്ടത്. എന്നാൽ, എൻ.സി.പി. അംഗങ്ങളുടെ പിന്തുണ, അജിത് പവാറിനെ നേതാവാക്കാൻ നൽകിയതാണോ അതോ ഫഡ്നവിസിനെ മുഖ്യമന്ത്രിയാക്കാൻ നൽകിയതാണോയെന്ന വ്യക്തമായ ഉത്തരം തിങ്കളാഴ്ച കോടതിക്കു ലഭിച്ചില്ല. 154 എംഎൽഎമാർ ഒപ്പിട്ട കത്ത് ഇന്നലെ കോടതിയിൽ ഹാജരാക്കിയ ത്രികക്ഷികൾ തൊട്ടുപ്പിന്നാലെ 162 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് കൈമാറുകയും ചെയ്തു. അജിത് പവാറിനൊപ്പം പോയ എൻസിപി എംഎൽഎമാർ തിരിച്ചെത്തിയതും സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതുമാണ് ത്രികക്ഷികളുടെ അംഗ സംഖ്യ വർധിച്ചത്.


വൈകീട്ടോടെ 162 എംഎൽഎമാരെ ഒരുമിച്ച് നിർത്തി ശക്തിപ്രകടനവും നടത്തി.ഹർജി അവധി ദിനമായ ഞായറാഴ്ച കോടതി കേട്ടെങ്കിലും ഉടൻ വിശ്വാസവേട്ടെടുപ്പ് എന്ന അവരുടെയാവശ്യം അംഗീകരിച്ചിരുന്നില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. എന്നാൽ തിങ്കളാഴച ഇരുപക്ഷത്തിന്റേയും വാദം കേട്ട ശേഷം വിധി പറയുന്നത് കോടതി വീണ്ടും ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K