23 November, 2019 01:54:42 PM
പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു; മഹാരാഷ്ട്രയില്‍ അജിത് പവാറിന്‍റെ കൂറുമാറ്റത്തില്‍ പ്രതികരിച്ച് സുപ്രിയ സുലെ
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അജിത് പവാര്‍ പിന്തുണ നല്‍കിയതില്‍ പ്രതികരണവുമായി എന്‍.സി.പി നേതാവും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സുലെ. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നുവെന്നായിരുന്നു സുപ്രിയയുടെ പ്രതികരണം. വാട്ട്സ് ആപ്പ് സ്റ്റാറ്റസിലൂടെയാണ് സുപ്രിയ പ്രതികരിച്ചത്. ശനിയാഴ്ച രാവിലെയാണ് എന്‍.സി.പി നേതാവും ശരദ് പവാറിന്‍റെ അനന്തരവനുമായ അജിത് പവാര്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി - എന്‍സിപി സഖ്യം അധികാരത്തിലേറിയത്. രാവിലെ എട്ട് മണിക്കാണ് രാജ് ഭവനില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. പുലര്‍ച്ചെ ആറുമണിക്കാണ് രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് പിന്‍വലിച്ചത്.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി ഇന്ന് രാവിലെ സത്യപ്രതിജ്ഞ നടന്നത്. ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.