23 November, 2019 12:35:02 PM
മഹാ നാടകം, അതിനാടകീയം: മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തില്‍; ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി
മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ അതിനാടകീയ നീക്കങ്ങളോടെ മഹാരാഷ്ട്രയിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ. എൻസിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തിയത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻസിപി നേതാവ് അജിത് പവാർ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. ഗവർണർ ഭഗത് സിംഗ് കോഷ്യാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നേരത്തെ, വെള്ളിയാഴ്ച നടന്ന ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്ത് കോൺഗ്രസ്- ശിവസേന- എൻസിപി സഖ്യം അധികാരത്തിൽ വരുമെന്ന് ഏകദേശ ധാരണയായിരുന്നു. സേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നും എൻസിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തിൽ തീരുമാനമായിരുന്നു. ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്നു യോഗത്തിൽ എല്ലാവരും ആവശ്യപ്പെട്ടതായി എൻസിപി നേതാവ് ശരദ് പവാർ തന്നെയാണ് വെള്ളിയാഴ്ച വൈകിട്ട് മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞത്.
ഇതു സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ശനിയാഴ്ച എൻസിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കൾ സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നും പവാർ അറിയിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മൂന്നു പാർട്ടികളുടെയും നേതാക്കൾ ശനിയാഴ്ച ഗവർണറെ കണ്ടു മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ പട്ടിക നൽകുമെന്നും സൂചനകളുണ്ടായിരുന്നു.
മതേരത്വവും കാർഷിക ആശ്വാസവും മുഖ്യമായുള്ള പൊതുമിനിമം പരിപാടി, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാരുടെ വകുപ്പുകൾ, എണ്ണം, മറ്റു പദവികൾ തുടങ്ങിയവ സംബന്ധിച്ചും ശനിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു വിവരം. എൻസിപിക്ക് 14, കോണ്‍ഗ്രസിന് 12 മന്ത്രിമാരെന്ന ആവശ്യത്തിനു ശിവസേന വഴങ്ങിയിട്ടുണ്ട്. രണ്ടു ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നും ധാരണയായിരുന്നു. എന്നാൽ, വെള്ളിയാഴ്ച അർധരാത്രി നടന്ന ചില അതിനാടകീയ നീങ്ങൾക്കൊടുവിലാണ് എൻസിപി ബിജെപിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നാണ് വിവരം.