22 November, 2019 04:54:43 PM


ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് വാനിലിടിച്ച് ശബരിമല തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 35ഓളം പേര്‍ക്ക് പരിക്ക്

രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രിയും




ഏറ്റുമാനൂര്‍: എം സി റോഡില്‍ ഒട്ടേറെ അപകടങ്ങള്‍ക്ക് വഴിവെച്ച ഏറ്റുമാനൂര്‍ തൂമ്പശ്ശേരില്‍ വളവിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാനിലിടിച്ച് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പരിക്ക്. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തെള്ളകത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടം നടന്ന പിന്നാലെ ഈ വഴി കടന്നുപോയ മന്ത്രി വി.എസ്.സുനില്‍കുമാറും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു.


ശബരിമല തീര്‍ത്ഥാടകരായ വയനാട് അമ്പലവയല്‍ കാരച്ചാല്‍ മിത്തേല്‍ രാജീവ് (49), കാരച്ചാല്‍ മിത്തേല്‍ കേശവന്‍ചെട്ടി (75), നൂല്‍പ്പുഴ മുക്കാത്ത് പുത്തൂര്‍ വിജയന്‍ (35), പുല്‍പ്പള്ളി ആലുമ്മൂട്ടില്‍ വിനയകുമാര്‍ (35), നെന്മേനി ചെറുമാട് പുത്തന്‍പുരയില്‍ ഗംഗാധരന്‍ (60), നെന്മേനി കാലായിപ്പുര രാധാകൃഷ്ണന്‍ (46), ശരണ്‍ (17),  ഉത്തര (7), ദേവപ്രിയ (9), നിരഞ്ജന (9), നാരായണി (62), ലക്ഷ്മിപ്രിയ (6), രഞ്ജിത് (30), ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവര്‍ പഴുപ്പത്തൂര്‍ അമ്പലമുക്ക് ബാബു എന്ന രതീഷ് (38), കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കൂത്താട്ടുകുളം കോതക്കുന്നേല്‍ അനില്‍കുമാര്‍ (44), യാത്രക്കാരന്‍ പത്രോസ് (65) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീര്‍ത്ഥാടകരായ വടക്കനാട് ഉണ്ണികൃഷ്ണന്‍ (59), കാരച്ചാല്‍ സജീവന്‍ എന്നിവര്‍ക്ക് നിസാരപരിക്കുകളുണ്ട്.



വെള്ളിയാഴ്ച പകല്‍ 3.35 മണിയോടെ ആയിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറാണ് അപകടത്തില്‍പെട്ടത്. കൂത്താട്ടുകുളത്തുനിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ് ഇടവഴിയില്‍ നിന്നും കയറിവന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കവെ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍നിന്നും വന്ന തീര്‍ത്ഥാടകരുടെ വാനില്‍ ഇടിക്കുകയായിരുന്നുവത്രേ. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായി തകര്‍ന്ന വാനുമായി നിരങ്ങിയ ബസ് വാനിന് തൊട്ടുപിന്നാലെ വന്ന മറ്റൊരു കെ.എസ്.ആര്‍ടി.സി ബസിലിടിച്ചാണ് നിന്നത്. പരുമലയില്‍ നിന്നും പൊന്നാനിയ്ക്കുള്ള ഫാസ്റ്റ് പാസഞ്ചര്‍ ബസായിരുന്നു ഇത്. രണ്ട് ബസുകള്‍ക്കുമിടയില്‍ കുടുങ്ങിയ വാനില്‍നിന്നും യാത്രക്കാരെ ഓടികൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ എത്തിച്ചു.


വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേരെ സ്ഥലത്തെത്തിയ ഹൈവേ പോലീസും ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയത്തുനിന്നെത്തിയ അഗ്നിശമന സേനയും രക്ഷപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നു. ഓര്‍ഡിനറി ബസിലെ പതിനഞ്ചോളം യാത്രക്കാര്‍ക്കും പൊന്നാനി ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ നാല് യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ കമ്പിയില്‍ ഇടിച്ചും ബസിനുള്ളില്‍ വീണും മറ്റുമുള്ള പലരുടെയും പരിക്ക് സാരമുള്ളതല്ല. ബുധനാഴ്ചയാണ് ശബരിമല ദര്‍ശനത്തിനായി 15 അംഗ സംഘം പുറപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ മലയിറങ്ങിയ ഇവര്‍ പന്തളത്തെത്തി കൊട്ടാരവും കണ്ട് ക്ഷേത്രത്തില്‍ തൊഴുതശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K