22 November, 2019 12:49:57 PM
പ്രധാനമന്ത്രി വിദേശയാത്രയ്ക്ക് ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഉപയോഗിച്ച വകയില്‍ ചെലവായത് 255 കോടിയിലേറെ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുക പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
2016-17 കാലയളവില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 76.27 കോടി രൂപ ചെലവഴിച്ചുവെന്ന് വി മുരളീധരന്‍ രേഖാമൂലം അറിയിച്ചു. 2017-18 ല്‍ തുക 99.32 കോടി രൂപയായി ഉയര്‍ന്നു. 2018-19 ല്‍ ചെലവിട്ടത് 79.91 കോടി രൂപയാണ്. എന്നാല്‍ 2019-20 കാലയളവിലെ ബില്ലുകള്‍ ലഭ്യമായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. 2019-20 കാലയളവില്‍ ഹോട്ട് ലൈന്‍ സൗകര്യങ്ങള്‍ക്കായി 2,24,75,451 രൂപയും 2017-18 ല്‍ 58,06,630 രൂപയും ചെലവഴിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ പോളിസി പ്രകാരം, ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനം/ഹെലികോപ്ടര്‍ എന്നിവ വിവിഐപി, വിഐപി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകള്‍ക്ക് സൗജന്യമായിരിക്കും". ആഭ്യന്തര യാത്രകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.