21 November, 2019 01:19:24 PM
ഏറ്റുമാനൂരിലെ വ്യാപാരസമുശ്ചയം: സ്റ്റോപ്പ് മെമ്മോ കൊടുക്കാതെ ചെയര്‍മാന്‍; അവധിക്കപേക്ഷിച്ച് എഞ്ചിനീയര്‍
ഏറ്റുമാനൂര്‍: വിവാദമായ ഏറ്റുമാനൂരിലെ വ്യാപാരസമുശ്ചയ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ കൊടുക്കാന്‍ നഗരസഭാ കൌണ്‍സിലില്‍ ധാരണയായിട്ടും അതിന് തയ്യാറാകാതെ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട്. ഫയല്‍ പിടിച്ചുവെച്ചുള്ള ചെയര്‍മാന്‍റെ നടപടിയില്‍ പ്രതിഷേധിച്ച് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ദീര്‍ഘ അവധിയ്ക്കായി അപേക്ഷ നല്‍കി.
ബുധനാഴ്ച നടന്ന നഗരസഭാ കൌണ്‍സിലില്‍ ഇന്ന് സ്റ്റോപ്പ് മെമ്മോ കൊടുക്കുന്നതിന് നഗരസഭാ ചെയര്‍മാനെയും അസിസ്റ്റന്‍റ് എഞ്ചിനീയറെയും ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ രാവിലെ നഗരസഭയിലെത്തിയ ചെയര്‍മാന്‍ പണികള്‍ നിര്‍ത്തിവെപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാതെ പുറത്തേക്ക് പോകുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങളുടെ നേതൃത്വത്തില്‍ ചെയര്‍മാന്‍റെ കാബിന് മുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചിരുന്നു. രാവിലെ 11 മണിക്ക് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ്.
വാപ്കോസിന് നല്‍കാനുള്ള സ്റ്റോപ്പ് മെമ്മോ രാവിലെ തന്നെ അസിസ്റ്റന്‍റ് തയ്യാറാക്കി വെച്ചിരുന്നു. എന്നാല്‍ അത് നല്‍കാന്‍ ചെയര്‍മാന്‍ തയ്യാറാകാതെ വന്നത് ദുരൂഹതയുളവാക്കി. സമരം ചെയ്യുന്ന ബിജെപി അംഗങ്ങളുടെ സാന്നിദ്ധ്യത്തിലാണ് എഞ്ചിനീയര്‍ സ്റ്റോപ്പ് മെമ്മോയില്‍ ഒപ്പിട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച ഫയല്‍ താന്‍ പിടിച്ചുവെച്ചത് എഞ്ചിനീയര്‍ക്ക് കൈമാറാന്‍ ചെയര്‍മാന്‍ കൂട്ടാക്കിയില്ല. ഇതേ തുടര്‍ന്നാണ് എഞ്ചിനീയര്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് അവധിക്കപേക്ഷ മെയില്‍ ചെയ്തത്. ഒരു മാസത്തെ ദീര്‍ഘ അവധിയില്‍ പ്രവേശിക്കുന്നതിനാണ് ഇദ്ദേഹം അപേക്ഷ നല്‍കിയത്.
ഇതിനിടെ നഗരസഭയില്‍ തിരിച്ചെത്തിയ ചെയര്‍മാന്‍ ബിജെപി അംഗങ്ങള്‍ സമരം തുടങ്ങിയതിനാലാണ് താന്‍ സ്റ്റോപ്പ് മെമ്മോ നല്‍കാത്തതെന്ന് സൂചിപ്പിച്ചു. പ്രശ്നം വിവാദമായതോടെ ഇന്ന് അഞ്ച് മണിക്ക് മുമ്പ് സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് ചെയര്‍മാന്‍ പിന്നീട് പറഞ്ഞുവെങ്കിലും അത് നല്‍കും വരെ സമരം തുടരാനാണ് ബിജെപി അംഗങ്ങളുടെ തീരുമാനം. ഇതിനിടെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ വാപ്കോസിന് സ്റ്റോപ്പ് മെമ്മോ മെയിലില്‍ അയച്ചതായും സൂചനയുണ്ട്.