21 November, 2019 12:36:41 PM


ഏറ്റുമാനൂര്‍ നഗരസഭാ വ്യാപാരസമുശ്ചയം: നിര്‍മ്മാണം നിര്‍ത്തിയില്ല; ചെയര്‍മാന്‍റെ ഓഫീസ് ഉപരോധിച്ച് ബിജെപി അംഗങ്ങള്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ പണികഴിപ്പിക്കുന്ന വ്യാപാരസമുശ്ചയത്തിന്‍റെയും തീയേറ്റര്‍ കോംപ്ലക്സിന്‍റെയും കരാര്‍ ഇടപാടുകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവെയ്പിക്കാന്‍ കൌണ്‍സിലില്‍ ധാരണയായിട്ടും അതിന് തയ്യാറാകാത്തതില്‍ പ്രതിഷേധസമരവുമായി ബിജെപിയുടെ കൌണ്‍സിലര്‍മാര്‍. വ്യാഴാഴ്ച രാവിലെ നഗരസഭാ ചെയര്‍മാന്‍റെ ഓഫീസിനു മുന്നില്‍ ബിജെപി പ്രതിനിധികളായ കൌണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍  കുത്തിയിരിപ്പ് സമരം ആരംഭിച്ചു.


നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേഷ് ഏറ്റുമാനൂർ, കൗൺസിലര്‍മാരായ അനീഷ് വി.നാഥ്. എ.ജി. പുഷ്പലത എന്നിവരുടെ നേതൃത്വത്തില്‍ പ്ലാക്കാര്‍ഡുകളുമായി ചെയര്‍മാന്‍റെ കാബിന് മുന്നില്‍  11 മണിക്ക് തുടങ്ങിയ കുത്തിയിരുപ്പ് സമരം ഇപ്പോഴും തുടരുകയാണ്. കൗൺസിലര്‍മാരോടൊപ്പം ബിജെപി പ്രവര്‍ത്തകരും ചേര്‍ന്നു. ബന്ധപ്പെട്ട ഫയലുമായി പുറത്ത് പോയ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് തിരികെ വന്നെങ്കിലും നിര്‍മ്മാണം നിര്‍ത്തി വെപ്പിക്കാനുള്ള തയ്യാറെടുപ്പല്ലെന്ന് ഗണേശ് ഏറ്റുമാനൂര്‍ കുറ്റപ്പെടുത്തി. സമരം കൊണ്ട് താന്‍ പേടിക്കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.


അതേസമയം കരാര്‍ ഏറ്റെടുത്ത വാപ്കോസ് ലിമിറ്റഡിന് നല്‍കാനുള്ള സ്റ്റോപ്പ് മെമ്മോ കൌണ്‍സിലിലെ ധാരണ പ്രകാരം അസിസ്റ്റന്‍റ് എഞ്ചിനീയര്‍ തയ്യാറാക്കിവെച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നിട്ടും ചെയര്‍മാന്‍ അതിനു മുതിരാത്തത് ദുരൂഹത ഉളവാക്കുന്നുവെന്നാണ് സമരം ചെയ്യുന്ന അംഗങ്ങളുടെ ആരോപണം. വ്യാഴാഴ്ച നടന്ന കൌണ്‍സിലില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍  ടി.പി.മോഹന്‍ദാസ് കരാറിലെ അപാകതകളും നിര്‍മ്മാണം തുടര്‍ന്നാല്‍ നഗരസഭ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളും അക്കമിട്ടു നിരത്തിയിരുന്നു.


ഈ പദ്ധതി വിഭാവന ചെയ്ത പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ താന്‍ കസേര വിട്ടൊഴിഞ്ഞ ശേഷം നടന്ന കാര്യങ്ങള്‍ ക്രമവിരുദ്ധമായി തന്നെയെന്നും പ്രശ്നങ്ങള്‍ ദുരീകരിച്ചശേഷം മാത്രം മതി നിര്‍മ്മാണമെന്നും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും ഈ രീതിയില്‍ നിര്‍മ്മാണം തുടരുന്നതില്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തി. അതേസമയം ഏതാനും യുഡിഎഫ് അംഗങ്ങളും പ്രതിപക്ഷത്തെ രണ്ട് അംഗങ്ങളും മാത്രമാണ് പദ്ധതി ക്രവല്‍ക്കരിച്ച് മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ടത്. ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ച് നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചെയര്‍മാനെയും അസിസ്റ്റന്‍റ് എഞ്ചിനീയറെയും ചുമതലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചെയര്‍മാന്‍റെ മാറ്റം സംശയം ജനിപ്പിക്കുന്നുവെന്നാണ് അംഗങ്ങള്‍ ചൂണ്ടികാട്ടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K