20 November, 2019 04:18:36 PM
നഗരസഭാ വ്യാപാരസമുശ്ചയം: അപാകതകള്‍ ശരിവെച്ച് കൗണ്‍സിലും; നിര്‍മ്മാണം നിര്‍ത്തിവെക്കുന്നു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭ പുതുതായി നിര്‍മ്മിക്കുന്ന തീയേറ്റര്‍ കോംപ്ലക്സിന്‍റെയും വ്യാപാരസമുശ്ചയത്തിന്‍റെയും നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതിലുള്ള അപാകതകള്‍ ശരിവെച്ച് നഗരസഭാ കൌണ്‍സില്‍. നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന രീതിയിലുള്ള പദ്ധതിയുടെ കരാര്‍ റദ്ദ് ചെയ്ത് സുതാര്യമായ രീതിയില്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു. ഇതോടെ നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് വിദഗ്ധോപദേശം തേടി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭാ ചെയര്‍മാനെയും അസിസ്റ്റന്‍റ് എഞ്ചിനീയറെയും യോഗം ചുമതലപ്പെടുത്തി.
കരാര്‍ നല്‍കിയതില്‍ വന്‍ക്രമക്കേട് നടന്നെന്ന നഗരസഭാ അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ ശരിവെച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്‍റെ അധ്യക്ഷതയില്‍ നടന്ന പ്രത്യേക കൌണ്‍സില്‍ യോഗമാണ് തീരുമാനം കൈകൊണ്ടത്. ചീഫ് എഞ്ചിനീയറുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ പണികള്‍ നിര്‍ത്തിവെപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നഗരസഭാ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. കെട്ടിടനിര്‍മ്മാണത്തിന് കരാര്‍ വെച്ചതുമുതലുള്ള കാര്യങ്ങളില്‍ ക്രമക്കേട് ചൂണ്ടികാട്ടി നഗരസഭാ എഞ്ചിനീയര്‍ ചെയര്‍മാന് മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ കത്താണ് ഈ പദ്ധതി വിവാദമാകുന്നതിന് കാരണമായത്.
വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്ത കേന്ദ്ര സര്‍ക്കാര്‍ എജന്‍സിയായ വാപ്കോസിന് സെന്‍റേജ് ചാര്‍ജായി 44 ലക്ഷം രൂപ രണ്ട് ഗഡുക്കളായി നല്‍കുവാന്‍ നഗരസഭാ കൌണ്‍സില്‍ തീരുമാനിക്കുകയും ഫയല്‍ പുതുതായി ചാര്‍ജെടുത്ത അസിസ്റ്റന്‍റ് എഞ്ചിനീയറുടെ പക്കല്‍ എത്തുകയും ചെയ്തതോടെ ക്രമക്കേടുകളുടെ ചുരുളഴിയുകയായിരുന്നു. ഫയല്‍ പഠിച്ച നഗരസഭാ എഞ്ചിനീയര്‍ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി നല്‍കിയ കത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ചര്‍ച്ചയ്ക്കെടുക്കാത്തത് അംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. സംഭവത്തിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന ആവശ്യവുമായി കൌണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെ ചെയര്‍മാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ചീഫ് എഞ്ചിനീയറുടെ ഉപദേശം തേടുകയായിരുന്നു.
പ്രശ്നങ്ങള്‍ ക്രമവല്‍ക്കരിച്ച് പണികള്‍ തുടരണമെന്നായിരുന്നു യുഡിഎഫിലെ ഏതാനും ചില അംഗങ്ങള്‍ ഉള്‍പ്പെടെ മറുവിഭാഗത്തിന്‍റെ ആവശ്യം. ചീഫ്എഞ്ചീനിയറുടെ റിപ്പോര്‍ട്ടില്‍ കരാര്‍ വ്യവസ്ഥകൾ ക്രമവല്‍ക്കരിക്കുന്നതിന് കൌണ്‍സിലിന്‍റെ ശുപാര്‍ശയും അനുബന്ധരേഖകളും സര്‍ക്കാരിന് സമര്‍പ്പിക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ജോർജ് പുല്ലാട്ട് പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായത്തോട് ഭൂരിപക്ഷം അംഗങ്ങളും വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. നിലവിലെ കരാര്‍ റദ്ദ് ചെയ്ത് പുതിയ ടെന്‍ഡര്‍ വിളിച്ച് നിര്‍മ്മാണം സുതാര്യമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടത് അംഗങ്ങൾ ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിനിടയാക്കുകയും ചെയ്തു.
കരാര്‍ ഏറ്റെടുത്ത വാപ്കോസ് സ്വകാര്യകമ്പനിക്ക് ഉപ കരാര്‍ നല്‍കിയതുവഴി നഗരസഭയ്ക്ക് സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും ചൂണ്ടികാണിക്കപ്പെട്ടിരുന്നു. ഈ ഇടപാടില്‍ മൂന്നു മുതൽ അഞ്ച് കോടി വരെ നഷ്ടം നഗരസഭയ്ക്കുണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ടി പി മോഹന്‍ദാസ് ചൂണ്ടികാട്ടി. ക്രമക്കേടുകള്‍ പരിഹരിച്ചല്ലാതെ പദ്ധതി നടപ്പാക്കരുതെന്ന് പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലും അഭിപ്രായപ്പെട്ടു.
നിര്‍മ്മാണം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം പ്രീ ക്വാളിഫിക്കേഷൻ, ഇ- ടെൻഡർ എന്നിവയുടെ മുഴുവൻ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യമുയര്‍ന്നു. ഷോപ്പിങ് കോംപ്ലക്സിന്‍റെയും മൾട്ടിപ്ലക്സ് തീയേറ്ററിന്റെയും നിർമ്മാണത്തിനായി 27 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിരുന്നത്.15 കോടി രൂപ കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നുള്ള വായ്പയാണ് ബാക്കി 12 കോടി രൂപ നഗരസഭ കണ്ടെത്തണം.
ലൈഫ് പദ്ധതിയിൽ പെടുത്തിയ 450 കുടുബങ്ങളുടെ ഭവന നിർമ്മാണത്തിന് ഫണ്ടില്ലാതെ വലയുന്ന നഗരസഭ 27 കോടി രൂപയുടെ പദ്ധതി നടപ്പാക്കി വൻ കടക്കെണിയിൽ പതിക്കുകയാണന്നും ഷോപ്പിങ് കോംപ്ലക്സിന്‍റെ നിർമ്മാണം ഉടൻ നിർത്തിവയ്ക്കണമെന്നും വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍, ബിജെപി അംഗം ഉഷാ സുരേഷ് എന്നിവര്‍ആവശ്യപ്പെട്ടു. നഗരസഭയുടെ മേൽനോട്ടമില്ലാതെ കെട്ടിടത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിലും അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.