19 November, 2019 06:44:49 AM


തീര്‍ത്ഥാടക വാഹനങ്ങളിലെ ഓവര്‍ലോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്

- നൗഷാദ് വെംബ്ലി



കാഞ്ഞിരപ്പള്ളി: തീര്‍ത്ഥാടക വാഹനങ്ങളിലെ ഓവര്‍ലോഡ് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാഞ്ഞിരപ്പളളി ഫയര്‍സ്‌റ്റേഷനു സമീപം   ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. 13 പേര്‍ മാത്രം  സഞ്ചരിക്കേണ്ട മിനി ബസില്‍ 22 പേര്‍ യാത്ര ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് കോട്ടയം എന്‍ഫോഴ്‌സ് വിഭാഗം ആര്‍.ടി.ഒ. ടോജോ എം.തോമസ് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.


തമിഴ്‌നാട്ടില്‍ നിന്നും  ശബരിമലയിലേക്ക് വന്ന  ടാറ്റാ 407 മിനി ബസ്സും, പോണ്ടിചേരിയിലേക്ക് മടങ്ങി പോയ ബസ്സും തമ്മിലാണ് ഇവിടെ കൂട്ടിയിടിച്ചത്. ഇതില്‍  ടി.എന്‍. 25. 1210 മിനിബസ്സിലാണ് അനധികൃതമായി യാത്രക്കാരെ കയറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 13 പേരെ മാത്രം കയറ്റാനാണ് പെര്‍മിറ്റ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ബസ്സില്‍ 22 പേര്‍ യാത്ര ചെയ്തിരിക്കുന്നത് അപകടത്തിന് കാരണമായി.


വളവില്‍ ഓവര്‍ലോഡുമായി ഓവര്‍ടേക്ക് ചെയ്തപ്പോള്‍ വാഹനം അപകടത്തില്‍പെടുകയായിരുന്നുവത്രെ. സമീപത്തെ വൈദ്യുത പോസ്റ്റും സുഗമമായ യാത്രക്ക് തടസ്സമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല യാത്രാവാഹനങ്ങള്‍ പരിശോധന നടത്തേണ്ടതില്ലെന്ന മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശമുളളതിനാല്‍ അനധികൃതമായി യാത്രക്കാരുമായി എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നില്ല.  അടുത്തയിടെ ഒരാളുടെ മരണത്തിനിടയാക്കിയ ഈ ഭാഗത്ത് അപകടം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 


യാത്രക്ക് തടസ്സമായ വൈദ്യുതിതൂണ്‍ നീക്കണമെന്നും  റോഡിന്‍റെ ഇരുവശവും 2.5 മീറ്റര്‍ വീതം സ്ഥലമുളളതിനാല്‍ ഈ ഭാഗത്ത് വീതികൂട്ടി  പാത സഞ്ചാരയോഗ്യമാക്കണമെന്നും കൂടാതെ വഴിയുടെ മധ്യഭാഗത്തായി ഓവര്‍ടേക്ക് ഒഴിവാക്കാനായി ട്രാഫിക് ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K