18 November, 2019 10:08:49 PM
വീട് ജപ്തിയായി, കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീണു; വില്ലന്‍റെ റോളില്‍ "മൊബൈൽ ഫോണ്‍"
- സുനിൽ പാലാ
പാലാ: ഉഴവൂരിനടുത്തുള്ള ഗ്രാമത്തിലെ ഒരു കൊച്ചു കുടുംബം. സ്നേഹിച്ചു വിവാഹം കഴിച്ച ദമ്പതികൾ. രണ്ട് കുട്ടികൾ. സന്തോഷത്തോടെ കഴിഞ്ഞ കുടുംബത്തിന് ഇടിത്തീ ആയി ഒരു ബാങ്കിന്റെ ജപ്തി നോട്ടീസെത്തി. ഗൃഹനാഥൻ ഞെട്ടിപ്പോയി. ആകെയുള്ള 3 സെന്റ് സ്ഥലം പണയപ്പെടുത്തി താൻ ബാങ്കിൽ നിന്നും ഇതേ വരെ ലോണെടുത്തിട്ടേയില്ല, പിന്നെയിത് എങ്ങനെ സംഭവിച്ചു. ഒടുവിൽ സംഭവം പാലാ പോലീസിലെത്തി. ജനമൈത്രീ പോലീസിന്റെ ചുമതലക്കാരനായ അസി. സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് ഭാര്യയേയും ഭർത്താവിനേയും വിളിച്ചു വരുത്തി വെവ്വേറെ സംസാരിച്ചപ്പോൾ സംഭവത്തിന്റെ ചുരുളഴിഞ്ഞു.
മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവിന് , ബൈക്ക് വാങ്ങാൻ ലോണെടുക്കുന്നതിന്, ഭർത്താവ് അറിയാതെ ഭാര്യ വീടിന്റെ കരം അടച്ച രസീത് എടുത്തു കൊടുക്കുകയായിരുന്നു.!
ബൈക്ക് വാങ്ങിയിട്ട് വർഷങ്ങളായിട്ടും യുവാവ് നയാ പൈസ തിരികെ അടച്ചില്ല. ഇതോടെ ജപ്തി നോട്ടീസ് എത്തിയതാകട്ടെ ഈ പാവപ്പെട്ട കുടുംബത്തിലും. ബന്ധങ്ങൾ ശിഥിലമാകാൻ ഇതിൽ കൂടുതൽ എന്തു വേണം.....? ഒരു മൊബൈൽ ഫോൺ വില്ലനായതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത് .
മദ്യവും മയക്കുമരുന്നും പോലെ കുടുംബ ബന്ധങ്ങളെ തകർത്തെറിയുന്ന, അവിശുദ്ധ കൂട്ടുകെട്ടുകൾ യഥേഷ്ടം നടത്താനുള്ള വഴിയായി മൊബൈൽ ഫോണുകളും മാറുകയാണെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നൂ പാലാ ജനമൈത്രി പോലീസിലെ അസി. സബ് ഇൻസ്പെക്ടർ ബിനോയി തോമസ്. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾക്കിടെ മനസാക്ഷി മരവിച്ചു പോകുന്ന ഒരു പാട് സംഭവങ്ങൾ കണ്ടറിഞ്ഞതിന്റെ വെളിച്ചത്തിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ ഉറപ്പിച്ചു പറയുന്നൂ ; "കുടുംബത്തിൽ മക്കളും മാതാപിതാക്കളും ഒന്നിച്ചിരുന്ന് സംസാരിക്കണം. ഭക്ഷണം കഴിക്കണം, പ്രാർത്ഥിക്കണം ഇല്ലായ്മകളും വല്ലായ്മകളും പരസ്പരം പറയണം. പ്രതിസന്ധികൾക്കെല്ലാം ഇതിലൂടെ തന്നെ പരിഹാരമുണ്ടായിരിക്കും."
753-ാം നമ്പർ പാലാ ടൗൺ എസ്. എൻ. ഡി.പി. ശാഖയിൽ മാറുന്ന കുടുംബ ബന്ധങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നൂ ബിനോയി തോമസ്. കൗമാരക്കാരും, യുവാക്കളും അടങ്ങുന്ന പുതു തലമുറയ്ക്ക് മാർഗ്ഗ നിർദ്ദേശം നൽകാൻ പാലാ ജനമൈത്രി പോലീസ് "നന്മ വഴി ഞങ്ങൾക്ക് നല്ല വഴി " പദ്ധതി ആരംഭിക്കുമെന്നും ബിനോയി തോമസ് പറഞ്ഞു. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും പിടിയിൽപ്പെടാതെ യുവജനതയെ നന്മയിലൂടെ നയിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.
ജനമൈത്രി പോലീസിലെ മികച്ച സേവനം മുൻ നിർത്തി 753-ാം നമ്പർ പാലാ ടൗൺ എസ്. എൻ. ഡി.പി.ശാഖാ വക പുരസ്ക്കാരം ശാഖാ വൈസ് പ്രസിഡന്റ് പി.ആർ. നാരായണൻകുട്ടി ബിനോയി തോമസിന് സമ്മാനിച്ചു.
ജനമൈത്രി പോലീസിന്റെ ഭാഗമായി ബിനോയി തോമസ് തുടർച്ചയായി നടത്തുന്ന നൂറാമത് ക്ലാസ്സും സമ്മേളന ഭാഗമായി സംഘടിപ്പിച്ചിരുന്നു. ശാഖാ പ്രസിഡന്റ് പി.ജി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.