18 November, 2019 01:48:56 PM


സുപ്രീംകോടതിയുടെ 47–ാമത് ചീഫ്‌ ‌ജസ്റ്റിസായി ജസ്റ്റിസ് ശരത്‌ അരവിന്ദ്‌ ബോബ്ഡെ ചുമതലയേറ്റു



ദില്ലി: സുപ്രീംകോടതിയുടെ 47–ാമത് ചീഫ്‌ ‌ജസ്റ്റിസായി ജസ്റ്റിസ് ശരത്‌ അരവിന്ദ്‌ ബോബ്ഡെ (എസ്‌ എ ബോബ്‌ഡെ) സത്യപ്രതിജ്ഞ ചെയ്‌തു ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്ര മന്ത്രിമാർ, സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ, തുടങ്ങിയവർ പങ്കെടുത്തു. ചീഫ്‌ ‌ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഞായറാഴ്‌ച വിരമിച്ച ഒഴിവിലാണ് ഇദ്ദേഹം ചുമതലയേറ്റത്.  


2021 ഏപ്രിൽ 23വരെ ആദ്ദേഹത്തിന്‌ ഈ പദവിയില്‍ തുടരാം.  മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയാണ്‌ ബോബ്‌ഡെ. നാഗ്പുർ സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടി. 1978ൽ അഭിഭാഷകനായി. 2013 ഏപ്രിൽ 12ന് സുപ്രീംകോടതി ജഡ്‌ജിയായി. ശബരിമല പുനഃപരിശോധനാ ഹർജികളും അയോധ്യാവിധിക്കെതിരെ മുസ്ലിം വ്യക്തിനിയമ ബോർഡ്‌ സമർപ്പിക്കാനിരിക്കുന്ന പുനഃപരിശോധനാ ഹർജിയും ഇനി ജസ്‌റ്റിസ്‌ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാകും പരിഗണിക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K