17 November, 2019 06:21:29 PM
പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിട; ഏറ്റുമാനൂര്‍ നഗരത്തില്‍ ബോട്ടില്‍ ഹട്ടുകള്‍ സ്ഥാപിച്ചു തുടങ്ങി
ഏറ്റുമാനൂര്‍: സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്മുക്ത നഗരമാകാനുള്ള ഏറ്റുമാനൂര്‍ നഗരസഭയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രമൈതാനത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ രണ്ട് ബോട്ടില്‍ ഹട്ടുകള്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ തുടക്കം കുറിച്ചത്. മണ്ഡല - മകരവിളക്ക് കാലത്ത് തീര്‍ത്ഥാടകരുടെ പ്രധാന ഇടതാവളങ്ങലില്‍ ഒന്നായ ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്ത് നേരത്തെ തന്നെ പ്ലാസ്റ്റികിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതറിയാതെ ക്ഷേത്രപരിസരത്ത് കുപ്പികളുമായെത്തുന്ന ഭക്തര്‍ക്കും മറ്റും ഇനി അവ വലിച്ചെറിയാതെ ബൂത്തില്‍ നിക്ഷേപിക്കാനാവും.
35000 ഓളം രൂപാ ചെലവു വരുന്ന രണ്ട് ബോട്ടില്‍ ഹട്ടുകളാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. പിന്നാലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പത്ത് ബൂത്തുകള്‍ കൂടി സ്ഥാപിക്കും. നഗരസഭയുടെ ഹരിതകര്‍മ്മസേന കുപ്പികള്‍ പുതുതായി തുടങ്ങുന്ന ഷ്രഡിംഗ് യൂണിറ്റിലേക്ക് നീക്കം ചെയ്യും. വീടുകളില്‍ നിന്നും വ്യാപാരസ്ഥാപനങ്ങളില്‍നിന്നും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്ന പരിപാടിയ്ക്ക് നഗരസഭ നേരത്തെ തുടക്കം കുറിച്ചിരുന്നു. 35 വാര്‍ഡുകളിലുമായി 70 അംഗ ഹരിതകര്‍മ്മസേനയെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതിയുടെ നേതൃത്വത്തിലുള്ള പദ്ധതി ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ക്ഷേത്രമൈതാനിയില്‍ ആരംഭിച്ച ഹോമിയോ ഡിസ്പെന്‍സറിയുടെ സ്റ്റാള്‍ അഡ്വ.കെ.സുരേഷ്കുറുപ്പും ആയുര്‍വേദ ആശുപത്രിയുടെ സ്റ്റാള്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസും ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂരും കൌണ്‍സിലര്‍മാരും പങ്കെടുത്തു.