15 November, 2019 05:04:38 PM
കാഞ്ഞിരപ്പളളി - എരുമേലി സംസ്ഥാന പാതയില്‍ പട്ടിമറ്റം ഭാഗത്ത് കൂടി ഗതാഗതം പുന:രാരംഭിച്ചു
കാഞ്ഞിരപ്പളളി: നിര്‍മ്മാണത്തിനിടയില്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് കാഞ്ഞിരപ്പളളി - എരുമേലി സംസ്ഥാന പാതയില്‍ നിര്‍ത്തിവെച്ച ഗതാഗതം പുനരാരംഭിച്ചു. പമ്പയ്ക്ക് സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസാണ് വെള്ളിയാഴ്ച ഗതാഗതം പുനരാരംഭിച്ചപ്പോള്‍ ആദ്യം ഇതുവഴി കടന്നുപോയത്. ഒരു വര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന കാഞ്ഞിരപ്പളളി - എരുമേലി സംസ്ഥാന പാതയില്‍ പട്ടിമറ്റം ജങ്ഷനു സമീപം നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് സംരക്ഷണ ഭിത്തി തകര്‍ന്നത് മണ്ണ് താഴോട്ടുപതിച്ചത്.
നിർമ്മാണ ജോലികൾ നടക്കുന്നതിനിടെ താഴെ ഉണ്ടായിരുന്ന ഹിറ്റാച്ചിയുടെ മുകളിലേക്ക് മണ്ണു പതിച്ചുവെങ്കിലും ആളപായം ഉണ്ടായില്ല. വാഹനത്തിന് തകരാര്‍ സംഭവിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. 12 മീറ്ററാണ് റോഡിന്‍റെ വീതിയെങ്കിലും 7 മീറ്റര്‍ വീതിയിലാണ് ഇപ്പോള്‍ ഗതാഗതം പുനരാരംഭിച്ചിരിക്കുന്നത്. മതില്‍ ഇടിഞ്ഞ ഭാഗത്തെ കോൺക്രീറ്റ് പൂർണ്ണ ശക്തി നേടിയതിന് ശേഷം ബിഎം & ബിസി നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കും. വൈബ്രേറ്ററി റോളറിന്‍റെ പ്രവർത്തനം പുതിയ കോൺക്രീറ്റ് മതിലിനെ തകർക്കുമെന്നതിനാലാണ് ഈ സമീപനമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ്കുമാര്‍ പറഞ്ഞു.