15 November, 2019 03:06:04 PM


കോട്ടയം പേരൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു; ഒരാളെ കാണ്മാനില്ല



കോട്ടയം: പേരൂരിൽ മൈലപ്പിള്ളി കടവ് തൂക്കുപാലത്തിന് താഴെ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു. ഒരാളെ കാണ്മാനില്ല. ചിങ്ങവനം കേളചന്ദ്രപറമ്പില്‍ കെ.സി.ചാക്കോയുടെ മകന്‍ അലൻ കെ.സി.(18), മീനടം വട്ടകുന്ന് കൊടുവള്ളില്‍ കെ.സി.ജോയിയുടെ മകന്‍ ഷിബിൻ ജേക്കബ് (18) എന്നിവരാണ് മരിച്ചത്. പുതുപ്പള്ളി കൈതേപ്പാലം കാടമുറി കുന്നപ്പള്ളിയില്‍ കെ.കെ.പ്രസാദിന്‍റെ മകന്‍ അശ്വിന്‍ കെ പ്രസാദ് (18) നുവേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. മൂവരും പുതുപ്പള്ളി ഐ എച്ച് ആർ ഡി കോളേജില്‍ ബയോമെട്രിക്സ് രണ്ടാം സെമസ്റ്റര്‍ വിദ്യാർത്ഥികളാണ്.



വെള്ളിയാഴ്ച രണ്ട് മണിയോടെയാണ് സുഹൃത്തുക്കളായ എട്ട് പേര്‍ ചേര്‍ന്ന് തൂക്കുപാലം കാണാനിറങ്ങിയത്. ഇവരില്‍ രണ്ട് പേര്‍ തിരുവഞ്ചൂരില്‍ താമസിക്കുന്നവരാണ്. തൂക്കുപാലത്തിന് കീഴിലൂടെ നടന്നപ്പോള്‍ ശരീരത്ത് പുരണ്ട ചെളി കഴുകി കളയുന്നതിന് ആറ്റില്‍ ഇറങ്ങിയതാണ് മൂവരുമെന്ന് ഒപ്പമുണ്ടായിരുന്ന സൃഹൃത്തുക്കള്‍ പറഞ്ഞു.  ഒരു കുട്ടി കാൽ വഴുതി വീഴുകയായിരുന്നുവെന്നും ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നും പറയുന്നു.  അഗ്നി രക്ഷാ സേനയുടെ മുങ്ങല്‍വിദഗ്ധരും പോലീസും നാട്ടുകാരും കൂടി നടത്തിയ തിരച്ചിലിൽ നാല് മണിയോടെ കടവില്‍നിന്നും അല്‍പം മാറി ഷിബിന്‍റെ മൃതദേഹം ആദ്യം കണ്ടെത്തി. അര മണിക്കൂറിനു ശേഷം അലന്‍റെ മൃതദേഹവും കണ്ടുകിട്ടി. അശ്വിന് വേണ്ടി ഇരുട്ടും വരെ തെരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. തെരച്ചില്‍ ശനിയാഴ്ചയും തുടരും.



കോളേജില്‍ നിന്നും സഹപാഠികള്‍ മൈസൂര്‍ക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ടൂറിന് പോകാത്ത എട്ടംഗ സംഘം തിരുവഞ്ചൂര്‍ ചണാശ്ശേരി സ്വദേശികളായ ശ്രീദേവ് പ്രസന്നന്‍, അക്ഷയ് ഷാജി എന്നിവരുടെ നേതൃത്വത്തില്‍ തൂക്കുപാലം കാണാനിറങ്ങിയതാണ്. പാമ്പാടി സ്വദേശി ജോയല്‍ സി ഉണ്ണി, പാമ്പാടി സ്വദേശി ടി.എസ്.രഞ്ജിത്, പാക്കില്‍ സ്വദേശി ശിവപ്രസാദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നല്ല അടിയൊഴുക്കുള്ള ഈ ഭാഗത്ത് അപകടം പതിയിരിക്കുന്നത് അറിയാതെയാണ് ഇവര്‍ വെള്ളത്തില്‍ ഇറങ്ങിയത്. ഷിബിന്‍റെയും അലന്‍റെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മുന്‍ എംഎല്‍എ വി.എന്‍ വാസവന്‍, ഡപ്യൂട്ടി കളക്ടര്‍ അലക്സ് ജോസഫ്, ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എ.ജെ.തോമസ്, പാമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ യു.ശ്രീജിത് തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.6K