08 November, 2019 11:32:10 PM
സോണിയയുടെയും മക്കളുടെയും എസ്.പി.ജി സുരക്ഷ പിന്‍വലിച്ചത് പകപോക്കലെന്ന് കോണ്‍ഗ്രസ്
ദില്ലി: നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ചത് പകപോക്കലെന്ന് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ നടപടി വ്യക്തിപരമായ പകപോക്കലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. എസ്.പി.ജി സുരക്ഷ പിന്‍വലിച്ച സാഹചര്യത്തില്‍ സോണിയയ്ക്കും രാഹുലിനും പ്രിയങ്കയ്ക്കും ഇനി ഇസഡ് പ്ലസ് സുരക്ഷ മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം എസ്.പി.ജി സുരക്ഷ പിന്‍വലിച്ചത്.
രാഹുല്‍ ഗാന്ധിയുടെ തുക് ലെയ്‌നിലെ വസതിയില്‍ നിന്ന് എസ്.പി.ജിയെ പിന്‍വലിച്ച് പകരം ഇസഡ് പ്ലസ് സുരക്ഷയുടെ ഭാഗമായുള്ള സി.ആര്‍.പി.എഫിനെ വിന്യസിച്ചു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ 10 ജന്‍പഥ് റോഡിലെ വസതിയില്‍ നിന്നും എസ്.പി.ജിയെ പിന്‍വലിച്ച് സി.ആര്‍.പി.എഫിനെ വിന്യസിച്ചു. നേതാക്കളുടെ എസ്്.പി.ജി സുരക്ഷ പിന്‍വലിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മറ്റ് കോണ്‍ഗ്രസ് നേതാക്കളും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുരക്ഷ പിന്‍വലിച്ചതിനെതിരെ കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശനം ഉന്നയിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്നും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നേതാക്കള്‍ക്ക് നല്‍കുന്ന സുരക്ഷയെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് വിമര്‍ശിച്ചു. വ്യക്തിപരമായ പകപോക്കലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും വിമര്‍ശനം ഉന്നയിച്ചു