08 November, 2019 10:38:51 PM
അയോധ്യ കേസ്: ചരിത്ര വിധി ശനിയാഴ്ച രാവിലെ 10.30ന്; രാജ്യത്തെങ്ങും ജാഗ്രതാ നിർദ്ദേശം
ദില്ലി: രാജ്യം കാത്തിരിക്കുന്ന അയോധ്യാ കേസില്‍ സുപ്രീംകോടതി നാളെ രാവിലെ 10.30ന് വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. നാളെ അവധിദിവസമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു.
ചീഫ് ജസ്റ്റീസ് ഈ മാസം 17ന് വിരമിക്കാനിരിക്കെയാണ് വിധി വരുന്നത് . 133 വര്‍ഷമായി തുടരുന്ന തര്‍ക്കവിഷയത്തില്‍ അന്തിമ വിധി കല്പിക്കുന്നതിന് 40 ദിവസം തുടര്‍ച്ചയായാണ് കോടതി വാദം കേട്ടത്. വിദേശയാത്ര അടക്കം ഒഴിവാക്കിയാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് വാദം കേട്ടത്. വിധി 'ലോകചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ഒന്നായിരിക്കുമെന്ന്' നിയുക്ത ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. വാദം കേട്ട ബെഞ്ചിലെ അംഗമാണ് ജസ്റ്റീസ് ബോബ്‌ഡെ.
വിധിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹിന്ദു, മുസ്ലീം സം,ഘടനകളോടും വിവിധ രാഷ്ട്രീയ കക്ഷികളോടും സമാധാനം പാലിക്കാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഇന്നലെ രാത്രി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നത ഉദ്യോഗസ്ഥരുമായി ക്രമസമാധാന അവലോകനം നടത്തി.
എല്ലാ ജില്ലാ കലക്ടര്‍മാര്‍ക്കും ഗ്രാമങ്ങളിലും ചെറു നഗരങ്ങളും സന്ദര്‍ശിക്കാനും പ്രശ്‌നബാധിത മേഖലകളില്‍ രാത്രി ക്യാംപ് ചെയ്യാനും സമാധാനം നിലനിര്‍ത്താന്‍ യോഗങ്ങള്‍ വിളിക്കാനും നിര്‍ദേശിച്ചു. സമൂഹ മാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കണമെന്നും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ വരെ അയോധ്യയില്‍ സമ്മേളനങ്ങള്‍ നിരോധിച്ചിട്ടുണ്ട്. പ്രശ്‌നക്കാര്‍ക്കെതിരെ ദേശീയ സുരക്ഷാനിയമം പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഹിന്ദു - മുസ്ലീം സംഘടനകള്‍ തമ്മിലുള്ളത്. 1980കള്‍ മുതല്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രധാന വിഷയവും ഇതുതന്നെയാണ്. 1992 ഡിസംബര്‍ ആറിന് ബാബ്‌റി മസ്ജിദ് കര്‍സേവകര്‍ തകര്‍ത്തതോടെയാണ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമായത്.