03 November, 2019 12:03:18 PM
തിസ് ഹസാരി കോടതിയിലെ പോലീസ് നടപടി: അഭിഭാഷകർ തിങ്കളാഴ്ച ദില്ലി ഹൈക്കോടതി ബഹിഷ്കരിക്കും
ദില്ലി: തിസ് ഹസാരി കോടതിയിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകര്‍ കോടതി ബഹിഷ്കരിക്കും. ജില്ലാ കോടതികളില്‍ അഭിഭാഷകര്‍ നടത്തുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് ഹൈക്കോടതി അഭിഭാഷകരുടെയും തീരുമാനം. പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളതായും ഡൽഹി ബാർ അസോസിയേഷൻ അറിയിച്ചു.
പ്രകോപനമില്ലാതെ പോലീസ് വെടിയുതിർക്കുകയും ലാത്തിച്ചാർജ് നടത്തുകയുമായിരുന്നെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. ശനിയാഴ്ചയാണ് പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം മൂത്ത് കോടതിവളപ്പിൽ പോലീസും അഭിഭാഷകരും തമ്മിൽ ഏറ്റുമുട്ടിയത്. സംഘട്ടനത്തിനിടെ ഒരു പോലീസ് വാഹനം കത്തിക്കുകയും എട്ട് ജയിൽ വാഹനങ്ങൾ തകർക്കുകയും ചെയ്തു. രണ്ട് അഭിഭാഷകർ പരിക്കേറ്റ് ആശുപത്രിയിലാണ്.