30 October, 2019 07:18:09 PM


ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസ്: നവംബര്‍ 13 വരെ ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍




ദില്ലി: ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ നവംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഡല്‍ഹി കോടതി ഉത്തരവായി. കസ്റ്റഡിയില്‍ വേണമെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു. ഒരു ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം. അന്വേഷണ ഏജന്‍സിയുടെ ആവശ്യത്തെ ചിദംബരത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ എതിര്‍ത്തു. സാക്ഷികളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്ന് ഇ.ഡി ആവര്‍ത്തിക്കുന്നുവെങ്കിലും ഇതുവരെ അത്തരത്തിലുള്ള ചോദ്യം ചെയ്യല്‍ നടന്നിട്ടില്ലെന്ന് സിബല്‍ ചൂണ്ടിക്കാട്ടി.



സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കേസുകള്‍ തുടരുന്നതിനാല്‍ ചിദംബരം ജയിലില്‍തന്നെ തുടരുകയായിരുന്നു. പി. ചിദംബര൦ ഓഗസ്റ്റ് 21 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21-നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 5ന് സിബിഐ പ്രത്യേക കോടതി അദ്ദേഹത്തെ തീഹാര്‍ ജയിലിലേക്ക് അയച്ചു. ഇതിനിടെ ജാമ്യം തേടി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം നിഷേധിച്ചിരുന്നു.



മുന്‍പ് ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ കോടതി പറഞ്ഞ അതേ നിബന്ധനകള്‍ ഇപ്പോഴും ബാധകമാണ്. ദിവസവും അരമണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി സിബിഐ പ്രത്യേക കോടതി നല്‍കിയിട്ടുണ്ട്. കൂടാതെ, അഭിഭാഷകര്‍ക്കും ചിദംബരത്തെ സന്ദര്‍ശിക്കാം. എല്ലാ 48 മണിക്കൂറിലും ചിദംബരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിച്ച്‌ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി ചിദംബരം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യഹര്‍ജി ഡല്‍ഹി കോടതി വ്യാഴാഴ്ച പരിഗണിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K