29 October, 2019 08:18:29 AM


ദിവസങ്ങള്‍ നീണ്ട പ്രയത്‌നം വിഫലം; തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു





ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി നടുകാട്ടുപ്പെട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ മരിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയെ രക്ഷിക്കാനായി നടത്തിയ ശ്രമങ്ങൾ വിഫലമായി. കുഴൽകിണറിൽ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് മരിച്ചതായി കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നാണ് വിവരം.


മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ 4.25 ഓടെ കുട്ടിയുടെ മൃതദേഹം കുഴൽ കിണറിൽ നിന്ന് പുറത്തെടുത്തു. ശേഷം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി മോർച്ചറിയിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണൻ അറിയിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴൽ കിണറിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.


വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ - കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടർന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു.ഇതിനിടെയാണ് മരിച്ചതായി സ്ഥിരീകരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി കുഴൽ കിണറിന് സമാന്തരമായി തുരങ്കം നിർമിക്കുന്നത് നിർത്തിവെച്ചതായും റവന്യു സെക്രട്ടറി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K