27 October, 2019 05:02:29 PM


'സ്മാര്‍ട്ടാ'കാന്‍ പേരൂര്‍ വില്ലേജ് ഓഫീസ്; നിലവിലെ ഓഫീസ് കെട്ടിടം പൊളിച്ചുപണിയും



ഏറ്റുമാനൂര്‍: പേരൂര്‍ വില്ലേജ് ഓഫീസ് സ്മാര്‍ട്ടാകാനൊരുങ്ങുന്നു. അതിനു മുന്നോടിയായി നിലവിലെ വില്ലേജ് ഓഫീസ് പൊളിച്ചു മാറ്റും. 44 ലക്ഷം രൂപ ചിലവില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്‍റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. വില്ലേജ് ഓഫീസിന് സ്വന്തമായുള്ള നാല് സെന്‍റ് സ്ഥലത്ത് ഇരുനിലകളിലായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഒരു വര്‍ഷത്തിനുള്ളില്‍ പണിതുയര്‍ത്തുക. കെട്ടിടനിര്‍മ്മാണത്തിനും ഫര്‍ണീച്ചറുകള്‍ക്കും കുടിവെള്ളത്തിനായി ബോര്‍വെല്‍ കുഴിക്കുന്നതിനും ഉള്‍പ്പെടെയാണ് 44 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളത്.


പേരൂരില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫീസ് 1988- 90 കാലഘട്ടത്തിലാണ് സ്വന്തം സ്ഥലത്ത് പണിത കെട്ടിടത്തിലേക്ക് മാറിയത്. അന്ന് 550 ചതുരശ്ര അടിയോളം വരുന്ന കെട്ടിടം നിര്‍മ്മിതി കേന്ദ്രയാണ് പണിതത്. വില്ലേജ് ഓഫീസുകള്‍ ആധുനികവല്‍ക്കരിക്കുകയും ഇടപാടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തതോടെ ചെറിയ രണ്ട് മുറികളിലെ സ്ഥലപരിമിതി വലിയ പ്രശ്നമായി മാറിയിരുന്നു. ഫയലുകള്‍ക്കിടയില്‍ പാമ്പ് കയറിയ സംഭവം വരെ ഇവിടെ ഉണ്ടായി. പുതിയ കെട്ടിടത്തിന്‍റെ നിര്‍മ്മാണം കഴിയുന്നതുവരെ വില്ലേജ് ഓഫീസിന്‍റെ പ്രവര്‍ത്തനം വാടകകെട്ടിടത്തിലേക്ക് മാറ്റും. 


റോഡില്‍ നിന്നും അല്‍പം ഉയരത്തിലാണ് നിലവിലെ കെട്ടിടം സ്ഥിതിചെയ്യുന്നത്. പുതിയ കെട്ടിടം പണിയുന്നത് റോഡ് ലെവലിലായിരിക്കും. താഴത്തെ നിലയില്‍ വില്ലേജ് ഓഫീസറുടെ മുറിയും ജീവനക്കാരുടെ സൌകര്യങ്ങള്‍ക്കനുസരിച്ച് ഓഫീസ് മുറിയും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടത്തോടുകൂടി വരാന്തയും ഉണ്ടാവും. ഒപ്പം വില്ലേജ് ഓഫീസര്‍ക്കും ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി നാല് ബാത്ത് റൂമുകളും പണിയും. മുകളിലത്തെ നിലയില്‍ ഡൈനിംഗ് റൂമും റിക്കാര്‍ഡ് റൂമുമാണ് സജ്ജീകിക്കുക. നിലവില്‍ റിക്കാര്‍ഡുകളുടെയും ഫയലുകളുടെയും നടുവിലാണ് ജീവനക്കാരുടെ ഇരിപ്പിടം. 


വില്ലേജ് ഓഫീസറുടെ കുടുംബം വകയായി ചെറുവാണ്ടൂരിലുള്ള കെട്ടിടത്തിലേക്കാണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താത്ക്കാലികമായി മാറ്റുന്നത്. എന്നാൽ ഈ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റുന്നതിനെതിരെ മീനച്ചിലാര്‍ സംരക്ഷണ സമിതി പ്രസിഡന്‍റ് മോന്‍സി പേരുമാലില്‍ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. ഭൂമി കയ്യേറ്റവും തണ്ണീര്‍തടം നികത്തലും ഉള്‍പ്പെടെ പല വിവാദ ഫയലുകളും ഇവിടെ ഉള്ളതിനാൽ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ സാന്നിദ്ധ്യത്തില്‍ നിലവിലെ ഫയലുകള്‍ പരിശോധിച്ച് രേഖപ്പെടുത്തിയ ശേഷം ക്രമക്കേടുകള്‍ക്ക് സാധ്യതയില്ലാത്ത കെട്ടിടത്തിലേക്ക് മാത്രമേ ഓഫീസ് പ്രവര്‍ത്തനം മാറ്റാവൂ എന്നാണ് മോന്‍സി പരാതിയിൽ ആവശ്യപ്പെടുന്നത്.


പേരൂർ വില്ലേജ് അതിർത്തിയിൽ അനുയോജ്യമായ മറ്റൊരു കെട്ടിടം കിട്ടാത്തതിനാലും കെട്ടിട നിർമ്മാണം സമയബന്ധിതമായി നടന്നില്ലെങ്കിൽ ഫണ്ട് ലാപ്സായി പോകാൻ സാധ്യതയുള്ളതുകൊണ്ടുമാണ് അധിക്യതരുടെ അനുമതിയോടെ ഓഫീസിന്റെ പ്രവർത്തനം ചെറുവാണ്ടൂരിലേക്ക് മാറ്റുന്നതെന്ന് വില്ലേജ് ഓഫീസർ പറയുന്നു. പ്രദേശത്ത് സർക്കാർ വക അനുയോജ്യമായ കെട്ടിടങ്ങൾ ഇല്ലെന്ന് പൊതുമരാമത്ത് വകുപ്പും കത്ത് നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K