26 October, 2019 07:50:01 PM
കണ്ണീരില്‍ നനഞ്ഞു വെംബ്ലി ഗ്രാമം; വാഹനാപകടത്തില്‍ മരിച്ച അനന്തുവിനും അനിക്കും നാട് വിട ചൊല്ലി
നൗഷാദ് വെംബ്ലി
മുണ്ടക്കയം: കണ്ണീരില്‍ നനഞ്ഞു വെംബ്ലി ഗ്രാമം, അനന്തുവിനും അനിക്കും നാട് വിട ചൊല്ലി. ചോറ്റി വാഹനാപകടത്തില്‍ മരിച്ച വെംബ്ലി സ്വദേശികളായ ഇടമണ്ണില്‍ ഇ.ബി.ഷാജി (അനി) മണ്ണാശ്‌ശേരില്‍ അനന്തു (അരുണ്‍) എന്നിവര്‍ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി. വീട്ടുകാരോട് ഉടനെത്തുമെന്നു പറഞ്ഞിറങ്ങിയ ഇരുവരുടെയും ജീവന്‍ നഷ്ടപെട്ട ശരീരവുമായി വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളുടെ നിലവിളി നാടിനെ ഒന്നാകെ കരയിച്ചു.
ഷാജിയയുടെ ഭാര്യ ബീന ഭര്‍ത്താവിനു ചോറും കറിയുമൊരുക്കി കാത്തിരുന്നത് ഈ കാഴ്ചക്കാണോയെന്ന നിലവിളിക്കിടയിലെ വാക്കുകള്‍ കണ്ടു നിന്നവരെ സങ്കടത്തിലാക്കി. രാത്രി 7 മണിയോടെ ഷാജിയുടെ മൃതദേഹം ഇടമണ്ണില്‍ വീട്ടിലെത്തിച്ചു. അമ്മ ലീലയും ഷാജിയുടെ മക്കളായ അരുണ്‍ഘോഷ്, അജയ്‌ഘോഷ് എന്നിവരും മൃതദേഹത്തില്‍ കെട്ടിപിടിച്ചു അലമുറയിട്ടു. ഭര്‍ത്താവിന്‍റെ മരണത്തിലെ ആഘാതത്തില്‍ ബോധം നഷ്ടപെട്ട ബീന ഉണരുമ്പോള്‍ ഭര്‍ത്താവിനെകുറിച്ചുളള കാര്യങ്ങള്‍ വിളിച്ചു പറയുന്നതും കാഴ്ചക്കാരുടെ മിഴികളെ നനയിച്ചു.
രാവിലെ 9 മണിയോടെയാണ് അരുണിന്‍റെ മൃതദേഹം മണ്ണാശേരി വീട്ടിലെത്തിച്ചത്. മൂന്നു വര്‍ഷംമുമ്പ് ഭര്‍ത്താവും ഇപ്പോള്‍ മകനും നഷ്ടപെട്ട സാലി പൊന്നുമോന്‍റെ മൃതദേഹത്തിനു മുന്നില്‍ കാണാന്‍ കഴിയാതെ ബോധരഹിതയായി താഴെ വീഴുകയായിരുന്നു. ഇനിയൊരിക്കലും തിരിച്ചുവരാത്ത മകന്‍റെ വേര്‍പാട് താങ്ങാനാവാതെ ആ പെറ്റമ്മ വിങ്ങിപൊട്ടി. മധ്യപ്രദേശില്‍ ജോലി ചെയ്യുന്ന സഹോദരി അനു എത്തിയതോടെ വീടു വീണ്ടും സങ്കടകടലായി. കോളജില്‍ ബൈക്കില്‍ കൊണ്ടുപോയിരുന്ന സഹോദന്‍ ഇനി തിരിച്ചു വരില്ലെന്ന സത്യം ബോധ്യപെട്ട അനുവിന്‍റെ തേങ്ങല്‍ നാടിനെ കരയിച്ചു.
രാവിലെ മുതല്‍ നാടിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആയിരകണക്കിനാളുകള്‍ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. പി.സി.ജോര്‍ജ് എം.എല്‍, ഇ.എസ്.ബിജിമോള്‍ എം.എല്‍എ, ജില്ലാ പഞ്ചായത്തംഗംങ്ങളായ അഡ്വ.സിറിയക് തോമസ്, കെ.രാജേഷ്, മോളി ഡോമിനിക് , പഞ്ചായത്ത് പ്രസിഡന്‍റ് നെച്ചൂര്‍ തങ്കപ്പന്‍, ബ്ലോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് സ്വര്‍ണതലത അപ്പുകുട്ടന്‍ വിവിധ സംഘടനാ നേതാക്കളടക്കം നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു. ഉച്ചക്ക് 1.30ന് ഷാജിയുടെ മൃതദേഹം വെംബ്ലി ശ്മശാനത്തില്‍ സംസ്‌കരിച്ചു. തുടര്‍ന്നു 3.45ഓടെ അരുണിന്‍റെ മൃതദേഹം സംസ്‌കരിച്ചു. തുടര്‍ന്നു മുസ് ലിം പളളി ജങ്ഷനില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റ് പി.സി.രാജന്‍റെ അധ്യക്ഷതയില്‍ അനുശോചന സമ്മേളനം നടന്നു.