25 October, 2019 09:17:31 PM


പി.എസ് ശ്രീധരന്‍ പിള്ള മിസോറം ഗവര്‍ണര്‍; സത്യപാല്‍ മാലിക് ഗോവ ഗവര്‍ണര്‍



ദില്ലി: ബിജെപി കേരളാ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മുവാണ് ജമ്മു കശ്മീരിലെ ലഫ്.ഗവര്‍ണര്‍. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്.ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്. രാഷ്ട്രപതി റാംനാഥ് കോവിന്ദാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.


നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് കുമ്മനം രാജശേഖരനേയും മിസോറം ഗവര്‍ണറായി നിയമിച്ചത്. തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് അദേഹം സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ വന്നു. തിരുവനന്തപുരത്തു നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസം ഗവര്‍ണര്‍ ജഗദീഷ് മുഖ്തിയ്ക്കായിരുന്നു മിസോറം ഗവര്‍ണറുടെ അധിക ചുമതല. ഇതുവരെ മൂന്നു മലയാളികളാണ് മിസോറം ഗവര്‍ണറായിട്ടുള്ളത്. 2011-14 ല്‍ വക്കം പുരുഷോത്തമനും 2018-19 ല്‍ കുമ്മനം രാജശേഖരനുമാണ് മിസോറം ഗവര്‍ണറായിട്ടുള്ള മലയാളികള്‍.


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പി.എസ്. ശ്രീധരന്‍ പിള്ള. ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ശ്രീധരന്‍ പിള്ള പിന്നാലെ പ്രതികരിച്ചു. എല്ലാം നല്ലതിനു വേണ്ടിയാണ്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ആരെയും ഇതുവരെ താന്‍ സമീപീച്ചിട്ടില്ല. ജനസേവനത്തിനായുള്ള അവസരമായി ഗവര്‍ണര്‍ പദവി കാണുന്നുവെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K