25 October, 2019 12:41:27 PM


മുണ്ടക്കയം ചോറ്റിയിൽ ലോറിയും കാറും ബൈക്കും കൂട്ടിയിടിച്ച് 3 പേർ മരിച്ചു; 2 പേര്‍ക്ക് പരിക്ക്



മുണ്ടക്കയം: മുണ്ടക്കയം:ദേശീയപാതയില്‍ അമിത വേഗതയിലെത്തിയ  ലോറി നിയന്ത്രണം വിട്ടു ബൈക്കിലും സ്വകാര്യ കാറിലും ഇടിച്ചു മൂന്നുപേര്‍ മരിച്ചു. കൊട്ടാരക്കര- ദിണ്ടിഗല്‍ ദേശീയപാത 183ല്‍  ചോറ്റി നിര്‍മ്മലാരം ജങ്ഷനുസമീപം ഉണ്ടായ അപകടത്തില്‍ കൊക്കയാര്‍ വെംബ്ലി സ്വദേശികളായ  ഇടമണ്ണില്‍ പരേതനായ ഭാസ്‌കരന്‍റെ  മകന്‍ ഇ,ബി.ഷാജി (അനി-48), മണ്ണാശേരില്‍ പരേതനായ എം.വി.സുകുവിന്‍റെ മകന്‍ അരുണ്‍കുമാര്‍ (അനന്തു-23), പെരുവന്താനം, നേരിയാനിക്കല്‍ ശ്രിധരന്‍പിളള (65) എന്നിവരാണ് മരിച്ചത്. 



വെളളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് അപകടം. കോട്ടയം ഭാഗത്തു നിന്നും വന്ന അന്യ സംസ്ഥാന ലോറി അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട് കാഞ്ഞിരപ്പളളി ഭാഗത്തേക്കു വന്ന ബൈക്കിലും, കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് യാത്രികര്‍ തെറിച്ചു വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. കാറില്‍ ഇടതു വശത്ത് ഇരുന്നു യാത്ര ചെയ്ത  ശ്രിധരന്‍ പിളളയെ ഉടന്‍ ഇരുപത്തിയാറാം മൈലിലെ സ്വകാര്യാശുപത്രിയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ഇടുക്കി ഇരുമ്പുപാലം ട്രൈബല്‍ ആഫീസിലെ വാച്ചുമാനായി ജോലി ചെയ്യുന്ന ഷാജി അയല്‍വാസിയായ അരുണുമൊത്തു ബൈക്കിന്‍റെ സ്‌പെയര്‍പാട്ടസ് വാങ്ങുന്നതിനായി കാഞ്ഞിരപ്പളളിയിലേക്കു പോകുകയായിരുന്നു. മരിച്ച ശ്രിധരന്‍റെ  മകളുടെ വിവാഹം ഞായറാഴ്ചയായിരുന്നു. ഇതിന്‍റെ വിവാഹ രജിസ്‌ട്രേഷന്‍ ആവശ്യവുമായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. ശ്രിധരന്‍റെ മകള്‍  രാധിക, ഭര്‍ത്താവ് സുധീഷ് എന്നിവര്‍ക്കും  അപകടത്തില്‍ പരിക്കേററിട്ടുണ്ട്. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 


മരിച്ച ഷാജിയുടെ ഭാര്യ ബീന. മക്കള്‍: അരുണ്‍ഘോഷ്, അജയ്‌ഘോഷ്. മരിച്ച അരുണ്‍കുമാറിന്‍റെ മാതാവ് സാലി, സഹോദരി അനു (മധ്യ പ്രദേശ്). ശ്രിധരന്‍പിളളയുടെ ഭാര്യ : ശ്രികുമാരി. മക്കള്‍: ശ്രിധന്യ, ആനന്ദ്. സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K