23 October, 2019 07:13:33 PM
ഏറ്റുമാനൂരില്‍ ഹരിതകര്‍മ്മസേന 'ആപ്പി'ലാകുന്നു; സര്‍വ്വേ ഇന്ന് ആരംഭിക്കും
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നു. പുതുതായി രൂപം നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം. കോട്ടയം ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായുള്ള സര്‍വ്വേ ഇന്ന് ആരംഭിക്കും.
നഗരസഭയിലെ 35 വാര്‍ഡുകളിലായി 70 അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമാണ് ഇപ്പോള്‍ നഗരസഭയില്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുടക്കത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കലാണ് നടന്നുവരുന്നത്. മാസത്തിലൊരിക്കല്‍ വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 50 രൂപാ ഫീസും ഈടാക്കുന്നുണ്ട്. ഇതില്‍ നിന്നും കിട്ടുന്ന വരുമാനമാണ് ഇവര്‍ക്ക് ശമ്പളമായി നല്‍കി വരുന്നത്.
പുതിയ ആപ്പ് വരുന്നതോടെ മാലിന്യം നീക്കുന്നതിന് അടയ്‌ക്കേണ്ട തുക ഓണ്‍ലൈനിലൂടെ അടയ്ക്കാനാവും. മാലിന്യസംസ്‌കരണത്തിന് ഓരോ വീടുകളിലും സ്ഥാപനങ്ങളിലും നിലവിലുള്ള സൗകര്യങ്ങളും വീട്ടുകാരുടെ വിവരങ്ങളും മറ്റും ഇതിനായി സര്‍വ്വേയിലൂടെ ശേഖരിക്കും. പ്രത്യേക പരിശീലനം ലഭിച്ച ഐടിഐ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തിലാണ് സര്‍വ്വേ ഇന്ന് ആരംഭിക്കുക. ഒരു വാര്‍ഡില്‍ മൂന്ന് വിദ്യാര്‍ത്ഥികളും കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് സര്‍വ്വേ നടത്തുക. 10 ദിവസം കൊണ്ട് പൂര്‍ത്തിയാകും.
വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം പതിവിലും നേരത്തെ നീക്കം ചെയ്യേണ്ടതുണ്ടെങ്കില്‍ 'ആപ്പി'ലൂടെ ഹരിതകര്‍മ്മസേനയെ അറിയിക്കാന്‍ സാധിക്കും. മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതുമുള്‍പ്പെടെയുള്ളവ ശ്രദ്ധയില്‍പെട്ടാല്‍ പരാതിപ്പെടാനുളള സംവിധാനവും ഈ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു.
നഗരസഭയില്‍ പുതുതായി പണിയുന്ന പ്ലാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റ് നവംബറില്‍ കമ്മീഷന്‍ ചെയ്യും. മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. നിലവില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ ഇവിടെ എത്തിച്ച് പൊടിക്കുന്നതിന് മുന്നോടിയായി വേര്‍തിരിക്കുന്ന ജോലികള്‍ നഗരസഭാ ആസ്ഥാനത്ത് നടന്നുവരികയാണ്.