22 October, 2019 09:44:59 PM


പ്രളയവും പ്രകൃതിയും ചതിച്ച വൃദ്ധ ദമ്പതികള്‍ കാത്തിരിക്കുന്നു; അധികാരികളുടെ കനിവിനായി മേല്‍കൂര നഷ്ടപ്പെട്ട വീട്ടിൽ

- നൗഷാദ് വെംബ്ലി


 

മുണ്ടക്കയം: പ്രളയം ചതിച്ച വൃദ്ധ ദമ്പതികള്‍ക്ക് വീണ്ടും മഴ കനത്തപ്പോൾ അന്തിയുറങ്ങാന്‍ ആശ്രയം  മേല്‍കൂര നഷ്ടപ്പെട്ട വീട് മാത്രം. 2019 ജൂലൈ 20ന് ഉണ്ടായ കനത്ത കാറ്റിനും മഴയ്ക്കും ഇടയിലാണ് മുണ്ടക്കയം വെളളനാടി കൊടുകപ്പലം ക്ഷേത്രത്തിനു മുന്‍ വശത്തു താമസിക്കുന്ന പാറയ്ക്കല്‍ സുകുമാരന്‍ (80), ഭാര്യ സരോജിനി (72) എന്നിവരുടെ വീടിനു മുകളിലേയ്ക്ക് ക്ഷേത്രം വക കൂറ്റന്‍ ആല്‍മരം കടപുഴകി  വീണത്. പുലര്‍ച്ചെ  അഞ്ചരയ്ക്കു ഉറക്കത്തിലായിരുന്നു അപകടം.


വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. ഭിത്തികള്‍ വിണ്ടു കീറി സുരക്ഷിതമല്ലാതായി. പിന്നീട് പെയ്ത മഴയിലെ ഒരു തുളളി വെളളം പോലും വീടിനുളളിലൂടെയല്ലാതെ ഒഴുകിയിട്ടില്ല. അപകട ദിവസം ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അധികാരികളുമെല്ലാം എത്തി ആശ്വാസവാക്കുകള്‍ നല്‍കി. ഇനി എവിടെ അന്തിയുറങ്ങുമെന്നതിനു മാത്രം ആരും പ്രതികരിച്ചില്ല. മാസം നാലു കഴിഞ്ഞിട്ടും ആരും ഇവരെ തേടിയെത്തിയില്ല.

പകല്‍ സമയങ്ങളില്‍ വീടിന്റെ ഒരു വശത്ത് ഭക്ഷണം തയ്യാറാക്കും മുറ്റത്തിരുന്നു കഴിക്കുന്ന ഇവര്‍ രാത്രിയാവുന്നതോടെ മറ്റു വീടുകളിലേയ്ക്കു പോവും അന്തിയുറങ്ങാന്‍. കഴിഞ്ഞ നാലു മാസമായി ഓരോ വീടുകളിലായി ഉറക്കം. മഴയുളള പകല്‍ ദിനങ്ങളും ഇവര്‍ക്ക് കരിദിനം തന്നെ. പട്ടിണിയായിരിക്കും അന്നവര്‍. മറ്റു വരുമാനങ്ങളൊന്നുമില്ലാതെ വിഷമിക്കുന്ന ഇവര്‍ക്ക് അടിയന്തിര ആശ്വാസം നൽകാനുള്ള നടപടികള്‍ പോലും റവന്യു വകുപ്പോ ദേവസ്വം ബോര്‍ഡോ ചെയ്യാന്‍ തയ്യാറായില്ലെന്നു മാത്രമല്ല, വില്ലേജ് ആഫീസുകള്‍ കയറി മടുത്തിരിക്കുകയാണിവര്‍.


കാല്‍നടയായും പരസഹായത്തിലും ദുരിതാശ്വാസ തുകക്കായി മിക്ക ദിവസങ്ങളിലും പഞ്ചായത്തിലും വില്ലേജിലും കയറിയിറങ്ങുന്ന വൃദ്ധ ദമ്പതികള്‍ക്കു നിരാശ മാത്രമാണ് ഫലം. വീട്ടിലുണ്ടായിരുന്ന  അലമാര, ടെലിവിഷന്‍, കസേരകള്‍, മേശ എന്നു വേണ്ട എല്ലാ ഉപകരണങ്ങളും അന്ന് നശിച്ചിരുന്നു. പിന്നീട് സുരക്ഷിതമായി വീട്ടില്‍ സൂക്ഷിച്ച  ഉടുതുണികള്‍ പോലും മഴയില്‍ നശിച്ചു. ആല്‍മരം വീണ് സരോജിനിയുടെ തലയില്‍ പത്തോളം തുന്നലിട്ടു. പിന്നീട് സ്‌കാനിങ്ങും മറ്റും നടത്തിയെങ്കിലും ഇപ്പോഴും തുടര്‍ ചികില്‍സയ്ക്കു പോലും കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണിവര്‍.

അപകട ദിവസം ആശ്വാസ വാക്കുകളുമായി എത്തിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും  പിന്നെ ഈ വൃദ്ധരെ തിരിഞ്ഞു നോക്കാന്‍ തയ്യാറായിട്ടില്ല. ദുരിതത്തിന് ആശ്വാസം നല്‍കുമെന്നു പറഞ്ഞു പിരിഞ്ഞ ഇവര്‍ ദുരിതാശ്വാസം നല്‍കിയില്ല. ആരോടു പറയും, ഇനി എന്തു ചെയ്യും ഒന്നുമറിയാതെ കണ്ണീരൊഴുക്കുകയാണ്  അച്ചനമ്മമാര്‍. ഞായറാഴ്ച പെയ്തു തുടങ്ങിയ ശമനമില്ലാത്ത മഴ തുടരുമ്പോഴും ദുരുന്തം കണ്‍മുന്നില്‍ കണ്ടു മെഴുകുതിരി വെളിച്ചത്തില്‍ കാത്തിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികള്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K