22 October, 2019 09:26:39 PM
ഹരിയാനയിൽ കോണ്‍ഗ്രസ് തിരിച്ചു വരും: ബിജെപി വീഴും: ഇന്ത്യ ടുഡെ - ആക്സിസ് മൈ ഇന്ത്യ സർവ്വെ
ചണ്ഡിഗഡ്: വോട്ടെടുപ്പ് പൂര്‍ത്തിയായ ഹരിയാനയില്‍ തൂക്കുനിയമസഭയ്ക്ക് സാധ്യതയെന്ന് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ ഫലം. ആകെ 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 32 മുതല്‍ 44 വരെ സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് 30 മുതല്‍ 42 വരെ സീറ്റുകള്‍ നേടി തിരിച്ചു വരവ് നടത്തുമെന്ന് സർവ്വെ ഫലം വ്യക്തമാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹരിയാനയില്‍ പതിനഞ്ച് സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. ഇത്തവണ സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ ഫലം വ്യക്തമാക്കുന്നത്.
ജെജെപിക്ക് ആറു മുതല്‍ പത്തു വരെ സീറ്റുകളാണ് ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ പ്രവചിക്കുന്നത്. മറ്റുകക്ഷികള്‍ക്ക് ആറുമുതല്‍ പത്ത് വരെ സീറ്റുകള്‍ പ്രവചിക്കുന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനൊപ്പം തിങ്കളാഴ്ചയാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാതെരഞ്ഞെടുപ്പ് നടന്നത്.