22 October, 2019 10:29:26 AM


സർക്കാർ ആശുപത്രി തുറന്നില്ല; യുവതിയ്ക്ക് പാതിരാത്രിയിൽ ഓട്ടോറിക്ഷയിൽ പ്രസവം




കുറവിലങ്ങാട്: പ്രസവവേദനയോട് മല്ലിട്ട് പാതിരാത്രിയിൽ ചികിത്സ തേടിയെത്തിയ തൊഴിലാളി സ്ത്രീക്ക് മുന്നിൽ ആശുപത്രിയുടെ വാതിലുകൾ തുറന്നില്ല. ഒടുവിൽ ആശുപത്രി പരിസരത്തുനിന്ന് നൂറ് മീറ്ററിനുള്ളിൽ ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മംനൽകി. വിനീത സജി എന്ന സ്ത്രീക്കാണ് ഈ ദുരനുഭവം.


കുറവിലങ്ങാട് സര്‍ക്കാര്‍ ആശുപത്രിയുടെ താഴാണ് ഞായറാഴ്ച അർധരാത്രി പ്രസവവേദനയുമായെ ത്തിയ വിനീതയ്ക്കുമുന്നിൽ തുറക്കാഞ്ഞത്. തോട്ടുവാ സ്വദേശിയായ വി.സി.സജിയും ഭാര്യ വിനീതയും(19) മക്കളായ വിനായകനും വിനീതും കുറുപ്പന്തറ കവലയിലെ കടത്തിണ്ണകളിലാണ് രാത്രികാലം കഴിച്ചു കൂട്ടുന്നത്. പകൽ ആക്രിവസ്തുക്കൾ പെറുക്കിവിറ്റ് ഉപജീവനമാർഗം കണ്ടെത്തും.


ഞായറാഴ്ച രാത്രി 12 മണിയോടെ കുറുപ്പന്തറ കവലയിലുണ്ടായിരുന്ന അവസാനത്തെ ഓട്ടോറിക്ഷ ഡ്രൈവറായ മോനിപ്പള്ളിയിൽ അനിൽ കുമാറിനെ, ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന അപേക്ഷയുമായാണ് സജി സമീപിച്ചത്. പാലാ സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകണം എന്നതായിരുന്നു ഇവരുടെ ആവശ്യം. കുറവിലങ്ങാട് സർക്കാർ ആശുപത്രിക്കു മുന്നിലെത്തിയപ്പോഴേക്കും രക്തം വാർന്ന് വിനീത അവശനിലയിലായതായി ഓട്ടോറിക്ഷ ഡ്രൈവർ അനിൽകുമാർ പറഞ്ഞു.


കുറവിലങ്ങാട് സർക്കാർ ആശുപത്രിയിൽ കയറി ഏറെനേരം വിളിച്ച ശേഷമാണ് നഴ്‌സും സെക്യൂരിറ്റി ജീവനക്കാരനും എത്തിയത്. പലതവണ വിനീതയുടെ അവസ്ഥ പറഞ്ഞ് അപേക്ഷിച്ചിട്ടും ആശുപത്രിയുടെ വാതിൽപോലും തുറന്നില്ല. ഗൈനക്ക് വിഭാഗം ഇല്ലാത്തതിനാൽ പാലാ ആശുപത്രിയിൽ പോകാനായിരുന്നു നിർദേശം. ചികിത്സ ലഭിക്കില്ലെന്ന് ഉറപ്പാവുകയും വിനീതയുടെ അവസ്ഥ മോശമെന്ന് തിരിച്ചറിയുകയും ചെയ്തതോടെയാണ് പാലായിലേക്ക് തിരിക്കാൻ തീരുമാനിച്ചതെന്നും അനിൽകുമാർ പറഞ്ഞു. ആശുപത്രിയിൽനിന്നിറങ്ങി നൂറ് മീറ്റർ പിന്നിടുംമുമ്പ് വിനീത ഓട്ടോറിക്ഷയുടെ പ്ലാറ്റ് ഫോമിലേക്ക് വീണു. ഇതോടെ ഓട്ടോറിക്ഷ നിർത്തി. ഈ സമയം വിനീതയുടെ പ്രസവം നടന്നു.


ആശുപത്രി വളപ്പിൽ 108 ആംബുലൻസ് കിടക്കുന്നത് കണ്ട അനിൽകുമാർ തന്നെ ആബുലൻസ് വിളിച്ചുവരുത്തി. ആംബുലൻസിലെ പുരുഷ നഴ്‌സിന് പ്രസവ പരിചരണത്തിൽ പരിചയമില്ലായിരുന്നു. ഇവിടെത്തന്നെ പൊക്കിൾക്കൊടിയും മുറിച്ച ശേഷമാണ് വിനീതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
സംഭവം അറിഞ്ഞപ്പോൾ ആശുപത്രി സൂപ്രണ്ടുമായി സംസാരിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന തോമസ് ടി.കീപ്പുറം പറഞ്ഞു.


ചികിത്സ വേണമെന്ന ആവശ്യവുമായി ഭർത്താവാണ് ആശുപത്രിയിലെത്തിയത്. ഗൗരവസ്ഥിതി അറിയാൻ കഴിഞ്ഞില്ല. പാലായിലാണ് ചികിത്സിച്ചിരുന്നത് എന്ന് ഭർത്താവ് പറഞ്ഞതിനാലാണ് പാലായിൽ പോകാൻ നിർദേശിച്ചതെന്നാണ് സൂപ്രണ്ട് നൽകിയ വിശദീകരണമെന്ന് തോമസ് ടി.കീപ്പുറം പറഞ്ഞു. ആശുപത്രി സൂപ്രണ്ടിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടറെ വിളിച്ചെങ്കിലും താൻ 'ഉച്ചയ്ക്കുശേഷമാണ് എത്തിയത്, കൂടുതലൊന്നും അറിയില്ല' എന്ന മറുപടിയാണ് പത്രപ്രവർത്തകർക്ക് ലഭിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K