21 October, 2019 04:24:58 PM
ഷോപ്പിംഗ് കോംപ്ലക്സ്: ഏറ്റുമാനൂര്‍ നഗരസഭാ കൗണ്‍സിലില്‍ ബഹളം; ചെയര്‍മാന്‍റെ യാത്ര തെറ്റിലൂടെയെന്ന് യുഡിഎഫ് അംഗം
ഏറ്റുമാനൂര്‍: ടൌണില്‍ പുതുതായി പണിയുന്ന വ്യാപാരസമുശ്ചയത്തിന്‍റെയും മള്‍ട്ടിപ്ലക്സ് തീയേറ്ററുകളുടെയും നിര്‍മ്മാണത്തിലും കരാര്‍ ഉറപ്പിച്ചതിലും ക്രമക്കേടുകള്‍ കണ്ടെത്തിയത് ചര്‍ച്ച ചെയ്യണമെന്നും നിജസ്ഥിതി അംഗങ്ങളെ ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭാ കൌണ്‍സിലില്‍ ബഹളം. അസിസ്റ്റന്‍റ് എഞ്ചിനീയര്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ രേഖാമൂലം ചെയര്‍മാന് എഴുതി നല്‍കി രണ്ടര മാസം കഴിഞ്ഞിട്ടും വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ തയ്യാറാകാത്തതിനെ ചോദ്യം ചെയ്ത് സിപിഎം പ്രതിനിധിയും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ ടി.പി.മോഹന്‍ദാസ് നടത്തിയ ശ്രദ്ധ ക്ഷണിക്കലാണ് ബഹളത്തിലേക്ക് നയിച്ചത്.
പദ്ധതിയില്‍ വ്യക്തത ഉണ്ടാവണമെന്നാവശ്യപ്പെട്ട മോഹന്‍ദാസ് വ്യാപാരസമുശ്ചയത്തിന്‍റെ നിര്‍മ്മാണത്തില്‍ നഗരസഭാ കൌണ്‍സില്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. മോഹന്‍ദാസിനെ അനുകൂലിച്ച് കോണ്‍ഗ്രസ് പ്രതിനിധികളായ ടോമി പുളിമാന്‍തുണ്ടവും ജോയി നെടുമാലിയും എഴുന്നേറ്റതോടെ യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ചെയര്‍മാന്‍ ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. കരാര്‍ ഏറ്റെടുത്ത വാപ്കോസ് സ്വകാര്യ ഏജന്‍സിക്ക് സബ് കോണ്‍ട്രാക്ട് നല്‍കി പണികള്‍ തുടരുന്നത് നിര്‍വ്വഹണ ഉദ്യോഗസ്ഥനായ അസിസ്റ്റന്‍റ് എഞ്ചിനീയറെ പോലും ഒരു വിവരങ്ങളും അറിയിക്കാതെയാണെന്ന് ജോയി നെടുമാലി കുറ്റപ്പെടുത്തി.
കരാര്‍ വെച്ചതിലും മറ്റും ക്രമക്കേടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കൌണ്‍സില്‍ വിളിച്ച് വിഷയം ചര്‍ച്ച ചെയ്യുന്നതായിരിക്കുമെന്ന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് അറിയിച്ചു. അഭിപ്രായം പറയാനായി എഴുന്നേറ്റ അംഗങ്ങളോട് ഈ വിഷയത്തില്‍ ചര്‍ച്ച അവസാനിപ്പിച്ചു എന്ന് ചെയര്‍മാന്‍ പറഞ്ഞത് വീണ്ടും ബഹളത്തിനിടയാക്കി. ഹിറ്റ്ലര്‍ മനോഭാവത്തില്‍ ചെയര്‍മാന്‍ പ്രകോപനം കൊള്ളുന്നത് മാറ്റിവെക്കണമെന്നും എല്ലാ അംഗങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നുമായി അംഗങ്ങള്‍. കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ ചെയര്‍മാനും കോണ്‍ഗ്രസ് അംഗങ്ങളും തമ്മില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുണ്ടായ വാക്കേറ്റവും ബഹളവും യുഡിഎഫിലെ അഭിപ്രായഭിന്നത മറ നീക്കി പുറത്തുകൊണ്ടുവരികയായിരുന്നു.
മത്സ്യമാര്‍ക്കറ്റിലെ ഐസ് പ്ലാന്‍റ് മാറ്റിയതിനെ ചോദ്യം ചെയ്ത ടോമി പുളിമാന്‍തുണ്ടത്തിനോട് "കാള വാലു പൊക്കുമ്പോള്‍...." എന്ന് തുടങ്ങി ചെയര്‍മാന്‍ മറുപടി പറഞ്ഞത് വീണ്ടും പ്രകോപനം സൃഷ്ടിച്ചു. ഏത് കമ്മറ്റിയിലാണ് ഐസ് പ്ലാന്‍റ് മാറ്റുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത് എന്ന ടോമിയുടെ ചോദ്യത്തിന് മിനിറ്റ്സിന്‍റെ പകര്‍പ്പ് കിട്ടുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നായിരുന്നു ചെയര്‍മാന്‍റെ ഉത്തരം. അര്‍ഹതയില്ലാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുകയും അര്‍ഹരായവര്‍ നിരസിക്കപ്പെടുകയും ചെയ്യുന്നതാണ് ഇവിടെ കണ്ടുവരുന്നതെന്ന ടോമിയുടെ ആരോപണത്തിന് ആരും പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ചെയര്‍മാന്‍റെ മറുപടി. നഗരസഭാ ചെയര്‍മാന്‍റെ യാത്ര തെറ്റില്‍കൂടി മാത്രമാണെന്ന് മറുപടിയായി ടോമി തുറന്നടിച്ചു.