17 October, 2019 10:18:36 PM


'ഭക്തരല്ലേ? പ്രോസിക്യൂട്ട് ചെയ്യും': ഏറ്റുമാനൂര്‍ ടെമ്പിള്‍ റോഡിലെ പാര്‍ക്കിംഗ് നിരോധിച്ചുള്ള ബോര്‍ഡുകള്‍ വിവാദമാകുന്നു



ഏറ്റുമാനൂര്‍: ജാതി വ്യവസ്ഥിതിയുടെ കാലത്ത് വച്ചിരുന്ന തീണ്ടല്‍ പലകയുടെ പുതിയ രൂപമെന്നോണം ദേവസ്വം ബോര്‍ഡിന്‍റേതായുള്ള അറിയിപ്പ് ബോര്‍ഡുകള്‍ വിവാദമാകുന്നു. പാര്‍ക്കിംഗ് നിരോധിച്ചുകൊണ്ട് ഇല്ലാത്ത കോടതി ഉത്തരവിന്‍റെ പേരില്‍ ഏറ്റുമാനൂര്‍ കോവില്‍പ്പാടം വഴിയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. 


'ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ ഡി.ബി.എ.നം.2/2010 ല്‍ 16.11.2015 ലെ ഉത്തരവ് പ്രകാരം കോവില്‍പ്പാടം റോഡിന്‍റെ ഇരുവശങ്ങളിലും ഭക്തരുടെ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ഇതര വാഹന ഉടമകളുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. - അഡ്വ.എ.എസ്.പി.കുറുപ്പ്. അഡ്വക്കേറ്റ് കമ്മീഷണര്‍ ഹൈക്കോടതി.' ഇതാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്ന വാചകങ്ങള്‍. 


ഹിന്ദുക്കള്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാവു എന്നതിലൂടെ 'അഹിന്ദുക്കള്‍ ഇതുവഴി വരേണ്ടതില്ല' എന്ന് തന്നെയാണ് സൂചിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപ്പറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പ് - ഇസ്‌കഫ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ.പ്രശാന്ത് രാജന്‍ പ്രതികരിച്ചു. ഭക്തരും ഭക്തരല്ലാത്തവരുമായ ആയിരക്കണക്കിനാളുകള്‍ സഞ്ചരിക്കുന്ന വഴിയാണിത്. പൊതുമേഖലാ സ്ഥാപനങ്ങളായ കെ.എസ്.എഫ്.ഇ., എല്‍.ഐ.സി., അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും ന്യൂ ജനറേഷന്‍ ബാങ്കായ ആക്‌സിസ് ബാങ്കും വിവിധ മതസ്ഥര്‍ നടത്തുന്ന കച്ചവട സ്ഥാപനങ്ങളും ഈ വഴിയില്‍ സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനങ്ങള്‍ക്കൊന്നും പ്രത്യേക പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഇല്ലാത്തതുമാണ്. 


ഇതിനൊക്കെ പുറമെയാണ് ഈ റോഡിന് പൂര്‍ണ്ണമായും ദേവസ്വത്തിന് അധികാരം പറയാനാവില്ലെന്നത്. പേരൂര്‍ കവല മുതല്‍ ക്ഷേത്രമൈതാനത്തിന്‍റെ മെയിന്‍ ഗേറ്റ് വരെയുള്ള ടെമ്പിള്‍ റോഡിന്റെ ഭാഗം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റേതാണ്. മെയിന്‍ ഗേറ്റ് മുതല്‍ പടിഞ്ഞാറെനട വരെയുള്ള 90 മീറ്റര്‍ ദേവസ്വം വകയാണെങ്കിലും കാലാകാലങ്ങളായി മെയിന്റനന്‍സ് നടത്തിവരുന്നത് പൊതുമരാമത്ത് വകുപ്പും. അതായത് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരും അല്ലാത്തവരും നല്‍കുന്ന നികുതിപണം ഉപയോഗിച്ച്.


വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് ഏറ്റുമാനൂരിലെ കോവില്‍ പാടം വഴിയോരങ്ങളില്‍ ആറിടങ്ങളിലായി നോട്ടീസ്  ബോര്‍ഡുകള്‍ സ്ഥാപിച്ചത്. പേരൂര്‍കവലയില്‍ ഹൈമാക്സ് ലൈറ്റിന്‍റെ ചുവട്ടിലും വ്യാപാരഭവന്‍റെ മുന്നിലും അയ്യപ്പമണ്ഡപത്തിന്‍റെ മുന്നിലും എന്‍.എസ്.എസ് കരയോഗമന്ദിരത്തിലേക്ക് തിരിയുന്ന ഭാഗത്തും മൈതാനത്തിന്‍റെ മെയിന്‍ ഗേറ്റിന് സമീപത്തും എം.സി റോഡില്‍  നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയുടെ തുടക്കത്തിലുമാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. 


ഒന്നര നൂറ്റാണ്ടിലധികക്കാലമായി പൊതു ജനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണ് കോവില്‍പ്പാടം റോഡ്. സമീപകാലത്ത് പട്ടണത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ പോലീസ് ഈ വഴി വണ്‍വേ സംവിധാനമാക്കി പരിഷ്‌ക്കരണം നടത്തിയതും ക്ഷേത്ര ഉപദേശക സമിതി ഹൈക്കോടതിയെ സമീപിച്ച് പരിഷ്‌കരണ നടപടി റദ്ദ് ചെയ്തതും വിവാദമായിരുന്നു. ഉപദേശകസമിതിയുടെ ഇടപെടലോടെ ഈ ഭാഗത്ത് ഗതാഗതനിയന്ത്രണത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ പിന്‍വലിക്കുകയും ചെയ്തു. 


ഒരു പുരോഗമന-ജനാധിപത്യ സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് പ്രസ്തുത നോട്ടീസ് ബോര്‍ഡെന്ന രീതിയില്‍ ഹിന്ദു സമൂഹത്തില്‍ തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നു കഴിഞ്ഞു. ഡി.ബി.എ.നം.2/2010 ല്‍ 16.11.2015 ലോ അല്ലാതെയോ റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചുള്ള ഒരു ഉത്തരവ് ഹൈക്കോടതിയില്‍നിന്നും ഉണ്ടായിട്ടില്ലെന്നും അഡ്വ.പ്രശാന്ത് രാജന്‍ പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള ബോര്‍ഡുകള്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും പ്രശാന്ത് രാജന്‍ ആവശ്യപ്പെട്ടു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.6K