17 October, 2019 07:30:40 AM
അയോധ്യ ഭൂമി തർക്കം: തുടർ നടപടികൾ ആലോചിക്കാൻ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും
ദില്ലി: അയോധ്യ ഭൂമി തർക്ക കേസ് 40 ദിവസം തുടർച്ചയായി നടന്ന വാദം കേൾക്കലിനുശേഷം സുപ്രീംകോടതി വിധി പറയാനായി മാറ്റിയതിനു പിന്നാലെ തുടർ നടപടികൾ ആലോചിക്കാൻ ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാർ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിയുടെ ചേംബറിലാണ് യോഗം. അയോധ്യ പ്രശ്നത്തിലെ മധ്യസ്ഥ ചർച്ചകൾ വിജയം കണ്ടെന്ന് റിട്ട ജസ്റ്റീസ് ഖലീഫുള്ള അധ്യക്ഷനായ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും ജഡ്ജിമാർ പരിശോധിക്കും.
നവംബർ 17ന് ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്ന് രഞ്ജൻ ഗൊഗോയി വിരമിക്കും. ആയിരക്കണക്കിന് രേഖകളുള്ള കേസിൽ അതിന് മുമ്പ് വിധി പറയും എന്നാണ് സൂചന. ഒപ്പം മധ്യസ്ഥ ചർച്ചയിലുണ്ടായ പുരോഗതിയും പ്രധാന വിഷയമാണ്. ഇക്കാര്യങ്ങളിൽ എന്ത് തീരുമാനങ്ങളിലേക്ക് പോകണം എന്നതും ജഡ്ജിമാർ ഇന്ന് ചർച്ച ചെയ്യും.