15 October, 2019 10:11:26 PM
ജമ്മു കശ്മീരില്‍ പ്രതിഷേധം; ഫാറൂഖ് അബ്ദുള്ളയുടെ മകളും സഹോദരിയും കസ്റ്റഡിയില്‍
ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ, മകള്‍ സഫിയ എന്നിവര്‍ പോലീസ് കസ്റ്റഡിയില്‍. ആര്‍ട്ടിക്കിള്‍ 370 ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിനും എതിരെ ശ്രീനഗറില്‍ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണിത്. ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ബാഷിര്‍ അഹമ്മദ് ഖാന്‍റെ ഭാര്യ ഹവാ ബാഷിറിനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശ്രീനഗറിലെ ലാല്‍ ചൗക്കിലായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.
കൈയ്യില്‍ കറുത്ത ബാന്‍ഡ് ധരിച്ചെത്തിയ സ്ത്രീകള്‍ 'കശ്മീരിലെ വധുക്കളെ വില്‍ക്കാനുള്ളതല്ല' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധ പ്രകടനം നടത്തിയത്. വനിതാ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ഫാറൂഖ് അബ്ദുള്ളയുടെ സഹോദരിയും മകളും അടക്കമുള്ള സ്ത്രീകള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കശ്മീരിലെ പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനങ്ങള്‍ ഭരണകൂടം പുനഃസ്ഥാപിച്ചതിന് തൊട്ടുടുത്ത ദിവസമാണ് പ്രതിഷേധം അരങ്ങേറിയത്.