15 October, 2019 01:32:18 AM
വൈദ്യുതി കമ്പി പൊട്ടിവീണുണ്ടായ മരണം: രശ്മിയുടെ കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കണം - മോന്‍സ് ജോസഫ് എം.എല്‍.എ
കടുത്തുരുത്തി : ആപ്പാഞ്ചിറ - കീഴൂര്‍ റോഡില്‍ വൈദ്യുത കമ്പി പൊട്ടിവീണതിനെ തുടര്‍ന്ന് മരണമടഞ്ഞ പൂഴിക്കോല്‍ ഉള്ളാടംകുന്നേല്‍ രഷ്മി പ്രശാന്തിന്റെ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. വൈദ്യുതി ലൈന്‍ പൊട്ടി വീണുണ്ടായ അപകടം എന്ന നിലയില്‍ വൈദ്യുതി വകുപ്പ് അധികൃതരുമായി എം.എല്‍.എ ചര്‍ച്ച നടത്തി.
വൈദ്യുതി വകുപ്പില്‍ നിന്ന് നഷ്ടപരിഹാര ദുരിതാശ്വാസ ധനസഹായമായി പരമാവധി തുക ലഭ്യമാകുന്നതിന് നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പുമന്ത്രി എം.എം മണിയോട് എം.എല്‍.എ ആവശ്യപ്പെട്ടു. പ്രദേശത്ത് ശക്തമായ മഴയും കാറ്റും ഉണ്ടായ സാഹചര്യം കണക്കിലെടുത്ത് പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായവും സര്‍ക്കാര്‍ ഈ നിര്‍ദ്ധന കുടുംബത്തിന് അനുവദിക്കണമെന്ന് മോന്‍സ് ജോസഫ് അഭ്യര്‍ത്ഥിച്ചു. വൈദ്യുതി കമ്പി അപ്രതീക്ഷിതമായി പൊട്ടിവീണ അപകട സാഹചര്യത്തെക്കുറിച്ച് കെ.എസ്.ഇ.ബി ഉന്നതതലത്തിലുള്ള അന്വേഷണം നടത്തണമെന്നും മോന്‍സ് ആവശ്യപ്പെട്ടു.
അപകടം ഉണ്ടായ സ്ഥലം സന്ദര്‍ശിച്ച ശേഷം പ്രധാന ഉദ്യോഗസ്ഥരുമായി എം.എല്‍.എ ചര്‍ച്ച നടത്തി. അപകട സ്ഥിതി പരിഹരിച്ച് വൈദ്യുതലൈന്‍ പുനസ്ഥാപിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഴുവന്‍ ലൈനുകളിലും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. പൂഴിക്കോല്‍ വസതിയിലെത്തി മരണമടഞ്ഞ രശ്മിക്ക് എം.എല്‍.എ അന്തിമോപചാരം അര്‍പ്പിച്ചു. മുട്ടുചിറ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശാന്തിനേയും അഭിമന്യയേയും ആശുപത്രിയില്‍ എത്തിയും സന്ദര്‍ശിച്ചു.