12 October, 2019 10:32:41 AM


ഗുര്‍ദാസ്പ്പൂര്‍ - കര്‍ത്താര്‍പ്പൂര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും



ദില്ലി: കര്‍ത്താര്‍പ്പൂര്‍ ഇടനാഴി നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രത്തിന് സമര്‍പ്പിക്കും. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ഗുരുനാനാക് ദേരയെ പാക്കിസ്ഥാനിലെ കര്‍ത്താര്‍പ്പൂര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് കര്‍ത്താപ്പൂര്‍ ഇടനാഴി. കര്‍ത്താര്‍പ്പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം സംബന്ധിച്ച വിവരം കേന്ദ്രമന്ത്രി ഹര്‍സിംറത്ത് കൗര്‍ ട്വിറ്ററിലുടെയാണ് അറിയിച്ചത്.


കര്‍ത്താപ്പൂര്‍ ഇടനാഴി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നവംബര്‍ ഒമ്പത് മുതല്‍ തുറന്നുകൊടുക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിഖ് മത വിശ്വാസികളുടെ വിശുദ്ധ പ്രദേശമാണ് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര. നാലു കിലോമീറ്റര്‍ നീളമുള്ളതാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി.


ഈ ഇടനാഴി തുറക്കുന്നതോടെ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ ഗുരുദ്വാരയിലേക്ക് പ്രവേശിക്കാനാകും. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ നരോവാള്‍ ജില്ലയിലുള്ള ഷകര്‍ഗഢിലാണ് കര്‍ത്താര്‍പുര്‍ സാഹിബ് ഗുരുദ്വാരയുള്ളത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക് 18 വര്‍ഷത്തോളം ജീവിച്ച സ്ഥലമാണ് സാഹിബ് ഗുരുദ്വാര. ഗുരുദ്വാരയിലേക്കുള്ള ആദ്യ സംഘത്തെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നയിക്കും. ഗുര്‍ദാസ്പുരില്‍ ഇടനാഴിക്കുള്ള തറക്കല്ലിടല്‍ കര്‍മ്മം തിങ്കളാഴ്ച ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K