11 October, 2019 12:46:38 PM
ടോയ്‌ലെറ്റില്‍ കയറി സെല്‍ഫി എടുക്കൂ, വിവാഹത്തിന് ധനസഹായം നല്‍കാം - മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: രാജ്യം വികസന പാതയില്‍ കുതിക്കുന്നുണ്ട് എന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും പലയിടങ്ങളിലും വികസനം എത്തിയിട്ടില്ല എന്നതാണ് വാസ്തവം. പ്രധാനമായും ഗ്രാമങ്ങള്‍. ഇത്തരത്തിലുള്ള സ്ഥലങ്ങളുടെ പ്രധാന അഭാവം ടോയ്‌ലെറ്റുകള്‍ തന്നെയാണ്. ഇപ്പോള്‍ അതിനു അറുതി വരുത്താന്‍ പുതിയ ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍.
വരന്‍റെ വീട്ടില്‍ ശൗചാലയമുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം ലഭിക്കൂ എന്നതാണ് പുതുതായി ഇറക്കിയിരിക്കുന്ന ഉത്തരവ്. മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായപദ്ധതിയിലൂടെ വിവാഹിതരാവുന്ന യുവതികള്‍ക്ക് സഹായധനം കിട്ടണമെങ്കില്‍ വരന്‍ വീട്ടിലെ ശൗചാലയത്തിനുള്ളില്‍ നിന്നെടുത്ത സെല്‍ഫി ഹാജരാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനസര്‍ക്കാരിന്‍റെ കന്യാ വിവാഹ്/നിക്കാഹ് യോജ്ന പദ്ധതിയിലൂടെ വിവാഹതിരാകുന്നവര്‍ക്കാണ് ഈ ഉത്തരവ് ബാധകമാവുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളിലും ശൗചാലയ നിര്‍മ്മാണം ഉറപ്പു വരുത്തുന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ വിവാഹിതരാകാന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ വീട്ടിലെ ടോയ്ലെറ്റിനുള്ളില്‍ നിന്നെടുത്ത സെല്‍ഫിയും രണ്ട് സത്യവാങ്മൂലവും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. സെല്‍ഫിയില്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് അധികൃതര്‍ തീര്‍ത്തും വ്യക്തമാക്കി.
സെന്‍ട്രല്‍ ലൈബ്രറി ഗ്രൗണ്ടില്‍ വ്യാഴാഴ്ച നടന്ന സമൂഹവിവാഹത്തില്‍ 77 ജോടി യുവതീയുവാക്കളാണ് വിവാഹിതരായത്. എന്നാല്‍ ഈ നടപടിക്കെതിരെ വിമര്‍ശനവും എത്തുന്നുണ്ട്. വിവാഹത്തിനുള്ള അപേക്ഷയ്ക്കൊപ്പം സെല്‍ഫിയും നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നതെന്തിനെന്നാണ് ഉയരുന്ന ചോദ്യം. ഏതെങ്കിലും വീട്ടിലെ ടോയ്ലെറ്റിന്‍റെ മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത് നല്‍കിയാല്‍ എങ്ങനെ തിരിച്ചറിയുമെന്നും അനാവശ്യമായ നടപടിയാണിതെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. എന്നാല്‍ സര്‍ക്കാരിന്‍റെ ഈ തീരുമാനത്തോട് നൂറു ശതമാനം യോജിക്കുന്നുവെന്നാണ് സ്ത്രീ ജനങ്ങള്‍ പറയുന്നത്. നടപടിയെ സ്വാഗതം ചെയ്യുകയും ചെയ്തു.