10 October, 2019 03:58:07 PM
കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന് പിന്നാലെ കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വരയുടെ വസതിയിലും മറ്റ് കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പരമേശ്വരയുമായി ബന്ധപ്പെട്ട് 30 കേന്ദ്രങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, റെയ്ഡില്‍ രൂക്ഷമായ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.
മുന്‍ കേന്ദ്രമന്ത്രി ആര്‍.എല്‍. ജാലപ്പയുടെ ഉടമസ്ഥതയിലുള്ള കോലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെയാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥാപനങ്ങളിലും വീടുകളിലും റെയ്ഡ് നടത്തിയത്. നിയമസഭയില്‍ വിഷയമുന്നയിക്കാനിരിക്കുകയാണ് പ്രതിപക്ഷം. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളെ മാത്രമാണ് ആദായനികുതി ലക്ഷ്യം വയ്ക്കുന്നതെന്നും മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു.