06 October, 2019 07:58:15 PM
കാറ്റിനെതിരെ കേസെടുക്കണം: ഫ്ളക്‌സ് വീണ് യുവതി മരിച്ച സംഭവത്തില്‍ വിചിത്ര വാദവുമായി എഐഎഡിഎംകെ നേതാവ്
ചെന്നൈ: ചെന്നൈയില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ ഫ്‌ളക്‌സ് വീണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ശുഭശ്രീ മരിച്ച സംഭവത്തില്‍ കാറ്റിനെതിരെ കേസെടുക്കണമെന്ന വിചിത്ര വാദവുമായി എഐഎഡിഎംകെ നേതാവ് സി പൊന്നയ്യന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'അപകടത്തില്‍ മരിച്ച ശുഭശ്രീയെ മനഃപൂര്‍വം അപകടപ്പെടുത്താനല്ല ജയഗോപാല്‍ ബാനര്‍ വെച്ചത്. അദ്ദേഹത്തിന്‍റെ കുടുംബത്തിലെ വിവാഹം അറിയിക്കാനായിരുന്നു. കാറ്റാണ് ബാനര്‍ വീണ് അപകടമുണ്ടാവാന്‍ കാരണം. അതുകൊണ്ട് കാറ്റിനെതിരെ കേസെടുക്കണം' എന്നാണ് പൊന്നയ്യന്‍ പറഞ്ഞത്.
എഐഎഡിഎംകെ നേതാവ് ജയഗോപാലിന്‍റെ കുടുംബത്തിലെ വിവാഹത്തെ കുറിച്ചുള്ള ഫ്‌ളക്‌സ് വീണാണ് യുവതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കൗണ്‍സിലറായ ജയഗോപാലിനെതിരെ കേസും എടുത്തിരുന്നു. സെപ്തംബര്‍ 12നാണ് ഫ്‌ളക്‌സ് വീണ് ശുഭശ്രീ മരിച്ചത്. ടൂ വീലറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫ്ളക്സ് ബോര്‍ഡ് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റി റോഡില്‍ വീണ ശുഭശ്രീയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.