04 October, 2019 10:25:02 AM
ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്കു കത്തെഴുതിയ അടൂർ ഉൾപ്പെടെ 49 പേർക്കെതിരെ കേസ്
ദില്ലി: ആൾക്കൂട്ട ആക്രമണങ്ങൾ തടയണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയവർക്കെതിരെ കേസ്. ചലച്ചിത്ര പ്രവർത്തകരടക്കമുള്ള 49 പ്രമുഖ വ്യക്തികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്. ബിഹാറിലെ മുസഫർപുർ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയുടതാണ് ഉത്തരവ്. അഭിഭാഷകനായ സുധീർ കുമാർ ഓജയാണു പരാതിക്കാരൻ. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചെന്നും ആരോപിച്ചാണു സുധീർ കുമാർ ഹർജി സമർപ്പിച്ചത്.
എഴുത്തുകാരൻ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്നം, അടൂർ ഗോപാലകൃഷ്ണൻ, അനുരാഗ് കശ്യപ്, ചലച്ചിത്ര പ്രവർത്തകരായ രേവതി, അപർണാ സെൻ തുടങ്ങി വിവിധ മേഖലകളിലെ 49 പ്രമുഖ വ്യക്തികൾ കത്തിൽ ഒപ്പിട്ടിരുന്നു. ജയ് ശ്രീറാം പോർവിളിയായി മാറിയെന്നും മുസ്ലിങ്ങൾക്കും ദളിതുകൾക്കുമെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയുണ്ടെന്നും കാണിച്ചു ജൂലൈയിലാണു 49 പ്രമുഖർ പ്രധാനമന്ത്രിക്കു കത്തയച്ചത്.